ഗതാഗതക്കുരുക്ക് കുറക്കാന്‍ ടോള്‍ റോഡ്  പരിഗണനയില്‍

മനാമ: ബഹ്റൈന്‍െറ തെക്കുഭാഗത്തെ മുഹറഖുമായി ബന്ധിപ്പിക്കുന്ന ടോള്‍ റോഡ് പരിഗണനയില്‍. ഗതാഗതക്കുരുക്ക് കുറക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതി മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. ദുറാത് അല്‍ ബഹ്റൈനില്‍ നിന്ന് തുടങ്ങി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ ഉയരത്തിലുള്ള റോഡാണ് പരിഗണനയിലുള്ളത്. ഫണ്ടിന്‍െറ അഭാവം മൂലം ഈ പദ്ധതിക്ക് സര്‍ക്കാര്‍ പണം നല്‍കില്ളെന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കൗണ്‍സിലിന് താല്‍പര്യമെങ്കില്‍ അവര്‍ക്ക് സ്വകാര്യ നിക്ഷേപകരെ സമീപിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. ബഹ്റൈന്‍ സമ്പദ്വ്യവസ്ഥക്ക് തന്നെ കരുത്താകും വിധം ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഗതാഗതക്കുരുക്ക് ഇല്ലാത്ത രാജ്യമാണെന്നറിഞ്ഞാല്‍ ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കും. എന്നാല്‍, ടോള്‍ 500 ഫില്‍സിലധികം ഏര്‍പ്പെടുത്താനാകില്ളെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് പദ്ധതി ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനായി മുടക്കാനുള്ള പണമില്ളെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സഹായം തേടാനാണ് അദ്ദേഹം പറഞ്ഞത്. ആ വഴിയാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. -അല്‍ സിനാന്‍ പറഞ്ഞു. വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന ബഹ്റൈന്‍ വിമാനത്താവളത്തിന്‍െറ വലിപ്പം 2019ഓടെ നാലിരട്ടിയായി വര്‍ധിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്‍െറ പണികള്‍ തുടങ്ങിയിട്ടുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 14ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് കണക്ക്. വിമാനത്താവള നവീകരണ പദ്ധതിയില്‍ പുതിയ പാതകളും ജംഗ്ഷനുകളും ഉള്‍പ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍െറ സൗന്ദര്യസങ്കല്‍പങ്ങളുമായി ചേര്‍ന്നുപോകുന്ന തരത്തിലാകും വിമാനത്താവളത്തിലേക്കുള്ള ഹൈവേ വികസനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
 

News Summary - bahrain roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.