ബഹ്റൈൻ-ഖത്തർ ഫെറി സർവിസ് നടത്തുന്ന ബോട്ട്
മനാമ: ബഹ്റൈനും ഖത്തറും തമ്മിൽ ആരംഭിച്ച കടൽയാത്രാ സർവിസ് ഇനിമുതൽ പ്രവാസികൾക്കും ഉപയോഗിക്കാം. ഇതിനായി മസാർ ആപ്പിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി തയാറാക്കിയ പ്ലോട്ടിൽ നിലവിൽ യാത്രക്കാരുടെ രാജ്യം അടയാളപ്പെടുത്താനുള്ള കോളവും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ ഖത്തറിലേക്ക് പോകാനുള്ള വിസയും മതിയായ യാത്രാ രേഖകൾ സ്വന്തമാക്കിയിരിക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ രേഖകൾ മസാർ ആപിൽ അപ്ലോഡ് ചെയ്യണം ബഹ്റൈനിലെ സആദ മറീനയെയും ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെയും ബന്ധിപ്പിച്ചാണ് പുതിയ പാത നിലവിൽ വന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ളതാണിത്. ഏകദേശം 65 കിലോമീറ്റർ ദൂരമാണ് കപ്പൽ സർവിസ് വഴി ബന്ധിപ്പിക്കുന്നത്. എന്നിരുന്നാലും, ഫെറി സർവിസ് വഴി മൊത്തം യാത്രാസമയം ഏകദേശം 70-80 മിനിറ്റ് ആയിരിക്കും. നിലവിൽ കരമാർഗം ബഹ്റൈനിൽ നിന്ന് ഖത്തറിലെത്താൻ അഞ്ച് മണിക്കൂറിലധികം എടുക്കാറുണ്ട്. വിമാനയാത്രക്ക് യാത്രയും എയർപോർട്ട് നടപടിക്രമങ്ങളടക്കം മൂന്ന് മണിക്കൂറിലധികവും വേണം. ഈ അവസരത്തിലാണ് കടൽ സർവിസ് യാത്രകൾക്ക് വലിയൊരു വഴിത്തിരിവായെത്തുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായം എന്ന നിലക്കാണ് ഈ സർവിസ് ആരംഭിച്ചത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത വാഹനത്തിന് ശരാശരി 28 മുതൽ 32 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ദൈനംദിന ട്രിപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിക്കും. സ്റ്റാൻഡേർഡ്, വി.ഐ.പി നിലവാരത്തിലുള്ള കപ്പലുകളാണ് യാത്രക്കായി ലഭ്യമായിട്ടുള്ളത്. മനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവമാണ് പുതിയ ഫെറി സർവിസ് വാഗ്ദാനം ചെയ്യുന്നത്. ബഹ്റൈൻ പൗരന്മാർക്കും മറ്റ് ജി.സി.സി രാജ്യക്കാർക്കും സമുദ്ര മാർഗം ഖത്തറിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ല. എന്നാൽ, മറ്റ് രാജ്യക്കാർ യാത്രക്കുമുൻപ് വിസ നേടിയിരിക്കണം. പ്രതിദിനം രണ്ട് ട്രിപ്പുകളാണുള്ളത്. രാവിലെ എട്ടിനാണ് ആദ്യ ട്രിപ്പ്. രാത്രി എട്ടിന് രണ്ടാം ട്രിപ്പും പുറപ്പെടും. നോർമൽ ക്ലാസിന് 26 ദിനാറും പ്രീമിയം ക്ലാസിന് 36 ദിനാറുമാണ് നിരക്ക്. മസാർ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ആധുനിക സൗകര്യങ്ങളും മികച്ച ഹോസ്പിറ്റാലിറ്റി സേവനങ്ങളും കപ്പലുകളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ യാത്രകളും ഇരു രാജ്യങ്ങളിലെയും സുരക്ഷാ, കസ്റ്റംസ് മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.
സമുദ്രപാതയിലൂടെ ഖത്തറിലേക്കുള്ള യാത്രാതുടക്കത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വിനോദം, വാണിജ്യമേഖലകളിൽ മികച്ച അവസരങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കടൽപാതയാണിത്. മേഖലയിലെ സംയോജനം ശക്തിപ്പെടുത്തുന്നതിനും വ്യക്തികളുടെ സഞ്ചാരം ലളിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ജി.സി.സി ഗതാഗത സംവിധാനത്തിൽ ഒരു മാതൃകാപരമായ മാറ്റമാണ് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.