ബഹ്റൈൻ പ്രഫഷനൽ മീറ്റ് ഉദ്ഘാടനം ചെയ്ത് രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു
മനാമ: ബഹ്റൈൻ പ്രോഗ്രസീവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) 'ഔറ ആർട്സു'മായി സഹകരിച്ച് സംഘടിപ്പിച്ച പ്രഫഷനൻ മീറ്റ് പ്രൗഢഗംഭീരമായി സമാപിച്ചു. കേരളത്തിന്റെ വികസനത്തിൽ പ്രവാസിമലയാളികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം അടിവരയിട്ട് രാജ്യസഭ എം.പി ഡോ. ജോൺ ബ്രിട്ടാസ് സംഗമം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ അവസരങ്ങളും പ്രവാസികൾ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബ്രിട്ടാസ് വിശദീകരിച്ചു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ പ്രവാസികളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. .
ബഹ്റൈൻ പാർലമെന്റ് അംഗം അഡ്വ. അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹി ആശംസാപ്രസംഗം നടത്തി. പ്രമുഖ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി.വി കൺസൾട്ടിങ് എഡിറ്ററുമായ ഡോ. അരുൺ കുമാർ മീറ്റിൽ സംസാരിച്ചു. ബഹ്റൈനിലെ പ്രവാസി മലയാളികളുടെ പ്രഫഷനൽ പ്രവർത്തനങ്ങളിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, വിവിധ മേഖലകളിലെ മലയാളി പ്രഫഷനലുകൾക്ക് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കാനാകുമെന്നും കൂട്ടിച്ചേർത്തു.പി.പി.എഫ് പ്രസിഡന്റ് ഇ.എ. സലീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹരിപ്രകാശ് സംഘടനയെ പരിചയപ്പെടുത്തി. മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി.കെ. ഷാനവാസ് സ്വാഗതമാശംസിച്ചു. ട്രഷറർ റഫീക്ക് അബ്ദുല്ല, മറ്റ് ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ. ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ. താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം.കെ. ശശി, ഡോ. കൃഷ്ണകുമാർ, ഷേർളി സലിം, ഷീല മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ ആശംസാപ്രസംഗം നടത്തി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു. തുഷാര പ്രകാശ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.