മനാമ: ബഹ്റൈനിൽ ഭക്ഷണാവശിഷ്ടങ്ങളുടെ അളവിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി ബഹ്റൈൻ ഫുഡ് ബാങ്ക് നടത്തുന്ന കൺസേർവിങ് ബൗണ്ടീസ് സൊസൈറ്റി വെളിപ്പെടുത്തി. 2022നെ അപേക്ഷിച്ച് ഭക്ഷണ പാഴാക്കൽ 23 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തൗറ അൽ ദഈൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 493 ടൺ ഭക്ഷണം പാഴാകുന്നതായാണ് കണ്ടെത്തിയത്. റമദാൻ മാസത്തിൽ ഇത് പ്രതിദിനം 600 ടണ്ണിലധികം ആയി ഉയരുന്നു.
റമദാനിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നതും എന്നാൽ കഴിക്കുന്ന സമയം കുറവായതുമാണ് ഈ വർധനവിന് പ്രധാന കാരണം. വീടുകളിലെ വിഭവങ്ങൾ, ഹോട്ടലുകളിലെ ബുഫേകൾ, വിതരണം ചെയ്യാത്ത ഇഫ്താർ മീലുകൾ എന്നിവയാണ് പ്രധാനമായും പാഴാകുന്നത്. എന്നാൽ ഭക്ഷണം പാഴാകുന്നത് തടയാൻ സൊസൈറ്റി വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം മാത്രം 70,291 ഭക്ഷണപ്പൊതികൾ സൊസൈറ്റി ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചിരുന്നു. 2014ൽ ആരംഭിച്ച ഈ കൂട്ടായ്മ വഴി ഇതുവരെ 3,000 കുടുംബങ്ങൾക്കും 5,000 വ്യക്തികൾക്കും സഹായം ലഭിച്ചിട്ടുണ്ട്. 2024ൽ 183 ടൺ ഭക്ഷണം സംരക്ഷിച്ചപ്പോൾ, കഴിഞ്ഞ വർഷം അത് 230 ടൺ ആയി ഉയർത്താൻ സൊസൈറ്റിക്ക് സാധിച്ചു.
ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാൻ ആവശ്യത്തിന് മാത്രം ഭക്ഷണം പാകം ചെയ്യുകയും ഷോപ്പിങ് നടത്തുകയും ചെയ്യണം. ഹോട്ടലുകൾ ബുഫേകളിൽ ഭക്ഷണം നിറക്കുന്ന രീതിയിൽ മാറ്റം വരുത്തുകയും അധികം വരുന്ന ഭക്ഷണം നേരത്തെ തന്നെ ദാനം ചെയ്യുകയും വേണം. ഗബ്ഗ പോലുള്ള രാത്രികാല വിരുന്നുകൾക്ക് ശേഷം ഭക്ഷണം ശേഖരിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാൽ കൃത്യമായ പ്ലാനിങ് വേണമെന്നും തൗറ അൽ ദഈൻ ഓർമ്മിപ്പിച്ചു.
ലോകമെമ്പാടും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും പാഴാകുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥക്ക് ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ കൈമാറാനോ കൂടുതൽ വിവരങ്ങൾക്കോ 33499499 എന്ന നമ്പറിലോ ഇൻസ്റ്റാഗ്രാമിൽ @bahrainfoodbank എന്ന പേജിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.