കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ‘ബഹ്റൈൻ ഈദുൽ വതൻ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷത്തിനോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ചരിത്രമായി.
ഇരുപത്തഞ്ചിലധികം വനിതകൾ രക്തദാനത്തിനെത്തിയത് ശ്രദ്ധേയമായി. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പേരിൽ ഇരുനൂറിലധികം പേർ രക്തം നൽകി ബഹറൈനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2009 ൽ ആരംഭിച്ച കെ.എം.സി.സിയുടെ ‘ജീവസ്പർശം’ രക്തദാന ക്യാമ്പിൽ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കം ഏഴായിരത്തിൽപരംപേർ പങ്കാളികളായി. രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർധിക്കുകയാണെന്നും ഓരോ മനുഷ്യജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെക്കുറിച്ചും സ്വമേധയാ രക്തദാനം നിർവഹിക്കുവാൻ തയാറാവുന്ന രീതിയിലേക്കുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു.
അടിയന്തര ഘട്ടങ്ങളിൽ രക്തദാനം നിർവഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന് ഈദ് ബുഖാമസ്, വടകര എം.എൽ.എ കെ.കെ. രമ തുടങ്ങിയ പ്രമുഖരും ബഹ്റൈനിലെ സമൂഹിക സംസ്കാരിക സംഘടന പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു.
കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന ഭാരവാഹികളായ, എൻ.കെ. അബ്ദുൽ അസീസ്, സലീം തളങ്കര, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാംവള്ളി, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, എസ്.കെ. നാസർ, മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ് ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.