മനാമ: സാമ്പത്തിക സേവന സ്ഥാപനങ്ങളുമായി ടെക് ഹബുകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും കുറഞ്ഞ ചെലവുവരുന്ന ജി.സി.സി രാജ്യമായി ബഹ്റൈൻ. ജി.സി.സിയിലെ ‘ബിസിനസ് ചെലവ്-സാമ്പത്തിക സേവനങ്ങൾ’ എന്നിവയെ മുൻനിർത്തി ഏണസ്റ്റ് ആൻഡ് യങ് (ഇ.വൈ) തയാറാക്കിയ റിപ്പോർട്ടുപ്രകാരം മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനിൽ പ്രവർത്തന ചെലവ് 48 ശതമാനംവരെ കുറവാണെന്ന് വ്യക്തമാക്കുaന്നു.
റിപ്പോർട്ടിൽ പരാമർശിച്ചതുപ്രകാരം ബഹ്റൈനിൽ ഫിൻടെക് കേന്ദ്രങ്ങളിലെ വാർഷിക തൊഴിൽ ചെലവ് ജി.സി.സിയിലെ ആകെ ശരാശരിയേക്കാൾ 24 ശതമാനം കുറവാണ്. ബിസിനസ്, ലൈസൻസിങ് ഫീസുകൾ 85 ശതമാനത്തിന്റെ കുറവാണ് മറ്റുള്ള അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. കെട്ടിട, ഓഫിസ് വാടകയിൽ ബഹ്റൈനിലെ ഓഫിസുകൾക്ക് 60 ശതമാനംവരെ കുറഞ്ഞ ചെലവിൽ മറ്റുള്ള ജി.സി.സിയിലെ ഓഫിസുകളുടെ അതേ മൂല്യത്തിലുള്ളതോ അതിൽ കൂടുതലോ ലഭിക്കുന്നുണ്ട്. ഓഫിസ് സ്ഥലത്തിനായി വരുന്ന ചെലവുകൾ, മികച്ച കഴിവുകളുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കൽ, ലൈസൻസിങ്, നികുതികൾ, വിസ/വർക്ക് പെർമിറ്റ് ചെലവുകൾ തുടങ്ങിയ പ്രധാന സാമ്പത്തിക മാനദണ്ഡങ്ങൾ ഈ പഠനം വിശകലനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾക്ക് ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും ബിസിനസ് സൗഹൃദപരമായ നിയമങ്ങളും ചട്ടങ്ങളും നവീകരണത്തെ പിന്തുണക്കുന്നതിലുള്ള ബഹ്റൈന്റെ പങ്കിനെ അടിവരയിടുന്നുണ്ട്.
സാമ്പത്തിക സ്ഥാപനങ്ങൾ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ നവീകരിക്കാനും മത്സരക്ഷമത നിലനിർത്താനും ടെക് ഹബുകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ അലി അൽ മുദൈഫ പറഞ്ഞു. കുറഞ്ഞ ചെലവുകൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യക്തമായ നിയന്ത്രണങ്ങൾ എന്നിവ വാഗ്ദാനംചെയ്തുകൊണ്ട് ഈ മേഖലയിൽ രാജ്യം മുന്നിട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, സാങ്കേതിക പ്രതിഭകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാദേശിക കേന്ദ്രമായി ബഹ്റൈൻ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ആഗോള മത്സരശേഷി റാങ്കിങ് അനുസരിച്ച്, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കാര്യത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തും ഡിജിറ്റൽ, ടെക് കഴിവുകളുടെ കാര്യത്തിൽ ആറാം സ്ഥാനത്തുമാണ് ബഹ്റൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.