ഉയർന്ന ചൂടും ഈർപ്പവും; ബഹ്‌റൈനിൽ ആസ്ത്മയും ശ്വാസകോശ പ്രശ്നങ്ങളും വർധിക്കുന്നതായി മുന്നറിയിപ്പ്

മനാമ: ബഹ്‌റൈനിൽ അന്തരീക്ഷത്തിലെ ഉയർന്ന ഹ്യുമിഡിറ്റിയും ചൂടും കാരണം കടുത്ത ക്ഷീണവും ആസ്ത്മ രോഗലക്ഷണങ്ങളും വർധിക്കുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വേനൽക്കാലം അവസാനിക്കാറായെങ്കിലും ബഹ്‌റൈനിൽ ഈർപ്പം ഇപ്പോഴും ഉയർന്ന നിലയിലാണ് തുടരുന്നത്. ഈ ആഴ്ച അന്തരീക്ഷ ഈർപ്പം 85 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാഘാതത്തിനും സാധ്യതയേറെയാണ്.

പ്രമുഖ ഡോക്ടർമാരുടെ നിർദേശ പ്രകാരം ഈർപ്പവും അന്തരീക്ഷ മലിനീകരണവും കാരണം ആസ്ത്മ രോഗികളിൽ ശ്വാസതടസ്സം, നെഞ്ചെരിച്ചിൽ, ചുമ, കഫക്കെട്ട് എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. ഉയർന്ന ആർദ്രത പൂപ്പൽ, പൂമ്പൊടി, പൊടിപടലങ്ങൾ എന്നിവയെ അന്തരീക്ഷത്തിൽ താഴേക്ക് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. ഇത് ആസ്ത്മ, അലർജി ഉള്ളവരിൽ രോഗലക്ഷണങ്ങൾ തീവ്രമാക്കും.

വെയിലത്ത് ജോലി ചെയ്യുന്നവരിലും വ്യായാമം ചെയ്യുന്നവരിലും കടുത്ത ക്ഷീണവും തളർച്ചയും കാണപ്പെടുന്നുണ്ട്. വിയർപ്പ് ബാഷ്പീകരിക്കപ്പെടാത്തത് ശരീരത്തിന്റെ താപനില ഉയർത്തുകയും തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ കുട്ടികളിൽ മൂക്കിൽ നിന്ന് രക്തസ്രാവം, സോറിയാസിസ് പോലുള്ള ചർമ്മപ്രശ്നങ്ങൾ എന്നിവയും ഈ കാലാവസ്ഥയിൽ വർധിച്ചേക്കാം.

ഈ കാലാവസ്ഥയെ പ്രതിരോധിക്കാൻ ആസ്ത്മ രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ മുടക്കാതെ കഴിക്കുക. ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കഴിയുന്നതും എയർകണ്ടീഷണർ ചെയ്ത മുറികളിൽ തന്നെ തുടരുകയും എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കുകയും ചെയ്യുക. ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ ആവശ്യത്തിന് വെള്ളവും ഇലക്ട്രോളടങ്ങിയ പാനീയങ്ങളും കുടിക്കുകയും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

Tags:    
News Summary - Bahrain Heat, Humidity Raise Health Risks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.