ഹമദ് രാജാവും കിരീടാവകാശിയും ഈദ് നമസ്കാരത്തിനിടെ
മനാമ: ത്യാഗത്തിന്റെയും സ്മരണയുടെയും മൂല്യങ്ങളെ പവിത്രതയോടെ ഓർത്തെടുത്ത് ബഹ്റൈനിലെ മുസ്ലിം സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. ഹജ്ജിന്റെ പോരിശയും ബലിയറുക്കുന്നതിലെ ശ്രേഷ്ഠതയും ഉൾക്കൊണ്ടാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്. രാജ്യത്തെ പള്ളികളിലും സുന്നി ഔഖാഫിന്റെ മേൽനോട്ടത്തിൽ ഈദ് ഗാഹുകളിലുമായി രാവിലെ അഞ്ചിന് നടന്ന പ്രാർഥനകളോടെയാണ് പെരുന്നാൾ ദിനം ആരംഭിച്ചത്.
സാഹോദര്യം, കാരുണ്യം, സ്നേഹം എന്നിവയുടെ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഇസ്ലാമിന്റെ തത്ത്വങ്ങളെ ശക്തിപ്പെടുത്തണമെന്ന് പ്രസംഗത്തിൽ പണ്ഡിതന്മാർ ഉണർത്തി. പുത്തന്‍ വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തും, പരസ്പരം ഈദ് ആശംസകൾ നേർന്നും ആയിരങ്ങളാണ് ഓരോ ഈദ് ഗാഹുകളിലും പങ്കാളികളായത്. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലടക്കം നിരവധി ഈദ് ഗാഹുകളാണ് നടന്നത്. ഒത്തുചേരലിന്റെയും സ്നേഹംപങ്കിടലിന്റെയും നേർക്കാഴ്ചക്കാണ് ഈദുഗാഹുകൾ സാക്ഷിയായത്.
സാഖിർ കൊട്ടാരത്തിലെ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്ത ഹമദ് രാജാവ് രാജ്യത്തെ ജനങ്ങൾക്കും രാജകുടുംബാംഗങ്ങൾക്കും മറ്റ് ഉന്നതഉദ്യോഗസ്ഥർക്കും പെരുന്നാൾ ആശംസകൾ നേർന്നു. രാജാവിന്റെ പുത്രന്മാർ, രാജകുടുംബത്തിലെ ഉന്നതർ, മന്ത്രിമാർ, ബഹ്റൈൻ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഹമദ് രാജാവിനൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളായി.
സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരിയാണ് പെരുന്നാൾ പ്രഭാഷണത്തിന് നേതൃത്വം നൽകിയത്. ആഘോഷവേളയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഹമദ് രാജാവിന് ഈദ് ആശംസ സന്ദേശം കൈമാറി. ഇരുനേതാക്കളും രാജ്യത്തിനും അവിടത്തെ ജനങ്ങൾക്കും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും തുടർച്ചയായ അഭിവൃദ്ധിയും അനുഗ്രഹവും ആശംസിക്കുകയും ചെയ്തു.
ജി.സി.സി, അറബ്, ഇസ്ലാമിക, സൗഹൃദരാജ്യങ്ങളിലെ നേതാക്കളുമായും ബഹ്റൈൻ നേതൃത്വം ആശംസകൾ കൈമാറി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ.സി.സി, ജോർഡൻ രാജാവ് അബ്ദുല്ല, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി ഹമദ് രാജാവ് ഫോൺ സംഭാഷണം നടത്തി.
മനാമ: പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകൾ പുതുക്കി നാം ഈദ് ആഘോഷിക്കുമ്പോൾ യഹൂദന്റെ സമാനതകളില്ലാത്ത ക്രൂരതകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ പ്രാർത്ഥനകളിൽ നമുക്ക് മറക്കാതിരിക്കാമെന്ന് വസീം അഹ്മദ് അൽ ഹികമി വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു.
അൽ മന്നാഇ സെന്റർ ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽനിന്ന്
ബഹ്റൈൻ സുന്നി ഔഖഫിന് കീഴിൽ അൽ മന്നാഇ സെന്റർ ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പടച്ചവന്റെ പ്രീതിക്കായി എന്തും ത്യജിക്കാൻ മടികാണിക്കാതിരുന്ന ഇബ്രാഹിം നബിയുടെ ജീവിതമാണ് ഓരോ വിശ്വാസിയും മാതൃകയാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: ത്യാഗ സമർപ്പണത്തിന്റെ സന്ദേശം പകർന്ന് നൽകുന്ന ബലിപെരുന്നാൾ ഇബ്രാഹിം നബിയുടെ സ്മൃതിയാണ്. അർപ്പണബോധവും ത്യാഗനിർഭരവും ദയയും കാരുണ്യവും സമാധാന ചിന്തയുമെല്ലാം ഉൾക്കൊള്ളുന്ന ഇബ്രാഹീം നബിയുടെ പാത ജീവിതത്തിൽ പകർത്താനുള്ളതാവട്ടെ. ബലി പെരുന്നാൾ ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്റൈന്‍ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ജനറൽ സെക്രട്ടറി ശമീർ പന്നൂർ എന്നിവർ ഹൃദ്യമായ ആശംസകള്‍ നേർന്നു.
മനാമ: പ്രവാചകനായ ഇബ്രാഹീം നബിയുടെ അടിയുറച്ച തൗഹീദിന്റെ ഉറക്കെയുള്ള പ്രഖ്യാപനമാണ് ഓരോ ഈദും നൽകുന്ന സന്ദേശമെന്ന് സജ്ജാദ് ബിൻ അബ്ദു റസാഖ് വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു. ബഹ്റൈൻ സുന്നി ഔഖാഫിന് കീഴിൽ അൽ മന്നാഇ സെന്റർ ഉമ്മുൽ ഹസം സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് മുസല്ലയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ മന്നാഇ സെന്റർ ഉമ്മുൽ ഹസം സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് മുസല്ലയിൽനിന്ന്
വിവിധങ്ങളായ സൃഷ്ടികളെ വിളിച്ചു പ്രാർഥിക്കുന്നതിനുപകരം ലോകൈക നാഥനായ സ്രഷ്ടാവിന് മാത്രം ആരാധനാ കർമങ്ങൾ സമർപ്പിക്കാൻ ഓരോ വിശ്വാസിയും തയാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ പ്രാർഥനകളിൽ ഫലസ്തീൻ ജനതയെ എന്നും ഓർക്കണമെന്നും അദ്ദേഹം ചേർത്തു പറഞ്ഞു
മനാമ: ലോക മുസ്ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്റാഹീം നബിയുടെ മാതൃക പിന്തുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്ലാമിക പ്രബോധകൻ നാസർ മദനി അഭിപ്രായപ്പെട്ടു.
ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ശൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്റാഹീം നബിയുടെ ജീവിതത്തിൽ ഒട്ടനവധി പരീക്ഷണങ്ങളെ അതിജയിക്കേണ്ടിവന്നു. അല്ലാഹുവിന്റെ നിരന്തരമായ പരീക്ഷണങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മാതൃക പിൻപറ്റി ജീവിതവിജയം കൈവരിക്കാൻ ഭൗതികമായ പലതും നാം ബലികഴിക്കേണ്ടിവരികയാണെങ്കിൽ അതിന് തയാറാവാൻ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിന്ന്
റഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗന്റിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിരവധി പേർ പങ്കെടുത്തു. സുഹൈൽ മേലടി, അബ്ദുറഹ്മാൻ മുല്ലങ്കോത്ത്, അബ്ദുൽ ഷുക്കൂർ, റഹീസ് മുല്ലങ്കോത്ത്, നസീഫ് ടിപി, റിഫ്ഷാദ് അബ്ദുറഹ്മാൻ, നവാഫ് ടിപി, ഹിഷാം അബ്ദുറഹ്മാൻ, ഒ.വി മൊയ്ദീൻ തുടങ്ങിയവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
മനാമ: ജിദ്ഹഫ്സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർഥം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ ജോ: സെക്രട്ടറി ഹംസ അൻവരി മോളൂർ നിസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്റ് വി കെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ നൗഷാദ്, ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ജോ: സെക്രട്ടി കെ.എം.എസ് മൗലവി പറവണ്ണ, എസ്. കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.
സമസ്ത ഈദ് മുസല്ല
മനാമ ഏരിയ ട്രഷറർ ജാഫർ കണ്ണൂർ, പ്രവർത്തക സമിതി അംഗം നസീർ വാരം, അബുൽ ജബ്ബാർ, ഷമീർ, അറഫാത്ത്, നൗഫൽ വയനാട്, ജസീർ വാരം, എസ്. കെ.എസ്.എസ്.എഫ് ബഹ്റൈൻ ട്രഷറർ ഉമൈർ വടകര, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ തുടങ്ങി വിഖായ അംഗങ്ങളടക്കം 500ൽ പരം ആളുകൾക്കാണ് നമസ്കാരത്തിന് ക്രമീകരണം ഒരുക്കിയത്.
മനാമ: പ്രവാസി മലയാളികൾക്ക് വേണ്ടി സുന്നി ഔഖാഫിന് കീഴിൽ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ആയിരക്കണക്കിന് പേർ പങ്കെടുത്തു. അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വേണ്ടി വർഷങ്ങളായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ബാച്ചിലേഴ്സും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി.
പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ് വി പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ് റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരവും ആവേശോജ്ജ്വലവുമായ ജീവിതമാണ് ബലിപെരുന്നാളില്‍ വിശ്വാസികൾ അനുസ്മരിക്കുന്നതെന്നും ആ മാതൃക പിന്തുടര്ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.
പരീക്ഷണങ്ങളെ പൂർണമായ അർഥത്തിൽ പൂർത്തീകരിച്ചപ്പോഴാണ് ഇബ്രാഹീം നബിയെ ലോകജനതക്ക് നേതാവായി ദൈവം തിരഞ്ഞെടുക്കുന്നത്. ഏത് തരം പ്രതിസന്ധികളും പരീക്ഷണങ്ങളും താൽക്കാലികമാണെന്നും അവയെ മറികടക്കാൻ വിശ്വാസ ദാർഢ്യത കൊണ്ട് സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നി ഔഖാഫിന് കീഴിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഈദ് ഗാഹിൽനിന്ന്
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിങ് പ്രസിഡന്റ് സമീർ ഹസൻ, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, ഈദ് ഗാഹ് ജനറൽ കൺവീനർ ജാസിർ പി.പി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ജുനൈദ്, ജൈസൽ ശരീഫ്, എ.എം ഷാനവാസ്, അബ്ദുൽ മജീദ് തണൽ, യൂനുസ് രാജ്, നജാഹ്, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, സാജിർ ഇരിക്കൂർ, റിസ്വാൻ, അൽത്താഫ്, സിറാജ് എം.എച്ച്, സിറാജ് ഇരിങ്ങൽ, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അൻസാർ, സജീബ്, നബീൽ, അസ്ലം, സലീൽ, സഫീർ, ഹാസിൻ, തസ്നീം, റാഷിക്, സിയാദ്, മുഹമ്മദ് ഷാജി, അഹ്മദ് റഫീഖ്, മെഹ്റ മൊയ്തീൻ, ഷൈമില നൗഫൽ, സഈദ റഫീഖ്, സുബൈദ മുഹമ്മദ് അലി, മുഹമ്മദ് ഷാജി, മൂസ കെ ഹസൻ, അബ്ദു ശ്ശരീഫ്, സുഹൈൽ റഫീഖ്, മൂഹമ്മദ് മുഹ് യുദ്ദീൻ, അബ്ദുറഊഫ് തുടങ്ങിയവർ ഈദ് ഗാഹ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.
ദുൽഹിജ്ജ പ്രചോദനമാക്കുക- മൂസാ സുല്ലമി
മനാമ: ദിൽ ഹിജ്ജയുടെ പ്രാധാന്യം ഉൾകൊണ്ട് ജീവിതത്തിൽ പകർത്താനും ജീവിത വിശുദ്ധി നേടിയെടുക്കാൻ അവ പ്രചോദനമാകണമെന്നും അൽ ഫുർഖാൻ സെന്റർ വൈസ് പ്രസിഡന്റ് മൂസാ സുല്ലമി അഭിപ്രായപ്പെട്ടു.
മനാമ ഈദ് ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനാമ മുനിസിപ്പാലിറ്റി കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.
മനാമ മുനിസിപ്പാലിറ്റി കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹിൽ മൂസാ സുല്ലമി പ്രസംഗിക്കുന്നു
ഈദ് ഗാഹ് ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, വൈസ് ചെയർമാൻ നൗഷാദ് സ്കൈ, മനാഫ് കബീർ, അനൂപ്റഹ്മാൻ, ഇക്ബാൽ കാഞ്ഞങ്ങാട്, മായൻ കോയിലാണ്ടി, മുബാറക്ക്, മുഹിയുദ്ദീൻ കണ്ണൂർ, യൂസുഫ് കെപി, സമീൽ സിപി, അഷ്റഫ് പുളിക്കൽ, ഷബീബ് ബഷീർ, ആദിൽ, അബ്ദുല്ല പുതിയങ്ങാടി, അബ്ദുൽ ഹക്കീം, ഷാനിദ് വയനാട് എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.