കെ. മൂസ ഹാജി അനുസ്മരണം
മനാമ: സാമൂഹിക പ്രവര്‍ത്തകനും ബി.കെ.എസ്.എഫ്, മെഡ്ഹെല്പ്, യു.പി.പി തുടങ്ങി നിരവധി സംഘടനകളുടെ സാരഥികളിലൊരാളുമായ ഹാരിസ് പഴയങ്ങാടിയുടെ പിതാവ് കെ. മൂസ ഹാജിയുടെ വേര്‍പാടില്‍ ബഹ്റൈന്‍ പൊതുസമൂഹം അനുശോചന യോഗം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബഹ്റൈന്‍ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേര് പങ്കെടുത്തു.
ജീവിതത്തിലെ സുദീര്‍ഘമായ കാലം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച മൂസ ഹാജി സൗദി അറേബ്യയില്‍ പ്രവാസ കാലത്തുതന്നെ സാധാരണക്കാരായ സഹജീവികളുടെ നിസ്സഹായതകളിലും പ്രശ്നങ്ങളിലും നിരന്തരം ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴും അശരണര്‍ക്കും നിരാലംബര്‍ക്കും താങ്ങായി വൃദ്ധസദനം തുടങ്ങുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാനും മുന്‍പന്തിയില്‍ നിന്ന വിശാല മനസ്സിനുടമയാണ്.
സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ ശ്രമം നടത്തിയ മഹാവ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊതുസമൂഹത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്നും കുടുംബത്തിന്റെ തീരാദുഃഖത്തില്‍ പങ്കുചേരുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.