മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്തെ ഉച്ചസമയത്തെ ജോലി നിരോധനം ജൂൺ 15 തിങ്കളാഴ്ച (നാളെ) മുതൽ പ്രാബല്യത്തിൽ വരും. ആഗസ്റ്റ് 31 വരെ രണ്ടര മാസക്കാലമാണ് ഈ ഉത്തരവ് നിലനിൽക്കുകയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഉത്തരവ് പ്രകാരം, ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. കഠിനമായ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും തൊഴിലിടങ്ങളിലെ അപകടങ്ങളും ഒഴിവാക്കുന്നതിനുമായാണ് മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും വേണ്ടി പരിശീലന ശിൽപ്പശാലകൾ നടത്തുകയും, ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 17873921-ൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഈ നമ്പറിൽ ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ പരാതികൾ അറിയിക്കാം.
നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. നിയമലംഘനം ബാധിച്ച തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷയിൽ വർദ്ധനവുണ്ടാകും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.