മനാമ: ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് അല്‍സീസിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം സ്വാഗതം ചെയ്​തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ സീസിയുടെ സന്ദര്‍ശനം ബഹ്റൈനും ഈജിപ്​തും തമ്മിലുള്ള ബന്ധത്തില്‍ പുതു ചരിത്രം എഴുതിച്ചേര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ കാരണമാകും. അറബ്-ഇസ്​ലാമിക ലോകത്തെ പ്രശ്​നങ്ങളില്‍ ഈജിപ്​ത്​ നിലപാട് ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രധാനമന്ത്രി പ്രത്യേകം ആശംസകള്‍ നേരുകയും വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ് പകരുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് വ്യക്തമാക്കുകയും ചെയ്​തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന തരത്തിലുള്ള ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രത്യേകം ശ്ലാഘിച്ചു. 18 ാമത് ഏഷ്യന്‍ ഗെയിംസില്‍ വിവിധയിനങ്ങളിലായി 26 ഓളം മെഡലുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് ഏറെ അഭിമാനകരമായ ഒന്നാണ്. വിവിധ മല്‍സരങ്ങളില്‍ 13 സ്വര്‍ണമെഡലുകളും ബഹ്റൈന് നേടാന്‍ സാധിച്ചു. അറബ് രാജ്യങ്ങളിൽ ബഹ്റൈന് ഒന്നാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.

ബഹ്റൈന്‍ യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പ്രവര്‍ത്തനമാണ് ഇത്തരമൊരു നേട്ടത്തിന് കാരണമായതെന്ന് കാബിനറ്റ് വിലയിരുത്തുകയും അദ്ദേഹത്തിനും വിജയം നേടിയവര്‍ക്കും പ്രത്യേകം ആശംസകള്‍ നേരുകയും ചെയ്​തു. യു.എന്നിന് കീഴില്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രത്യേക ഏജന്‍സിക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും സഹായവും വലിയ ആശ്വാസമാണെന്ന് മന്ത്രിസഭ വിലയിരുത്തി. വിവിധ പ്രദേശങ്ങളിലെ സാമൂഹിക വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം എടുത്ത നടപടികള്‍ കാബിനറ്റ് വിലയിരുത്തി. വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സമൂഹത്തിന് പ്രയോജനകരമായ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.