മനാമ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകള്‍ അടച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വീട്ടില്‍വെച്ച് പഠിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിന് തുടക്കമായി. ബഹ്റൈന്‍ സ്പോർട്സ് ചാനല്‍ രണ്ട് വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിെൻറ വെളിച്ചത്തില്‍ കഴിഞ്ഞദിവസം സംപ്രേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി.
ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞദിവസം രാവിലെ ഒമ്പതുമുതലാണ് സംപ്രേഷണം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും സംപ്രേഷണ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. ഇതാദ്യമായാണ് ബഹ്റൈനില്‍ ഇത്തരമൊരു സംവിധാനത്തിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. പാഠങ്ങളുടെ ഡിജിറ്റലൈസേഷന് അടക്കം ധാരാളം മുന്നൊരുക്കങ്ങളാണ് ഇതിനായി വേണ്ടിവരുക. അതിനാല്‍, സാധാരണ പീരിയഡുകളില്‍ അധ്യാപകര്‍ ചെലവഴിക്കുന്ന സമയത്തെക്കാള്‍ അധികം ചെലവഴിച്ചാണ് ഇവ തയാറാക്കിയിട്ടുള്ളത്.
കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് വിദഗ്ധരുടെ സഹായം മന്ത്രാലയം തേടിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സമയത്ത് കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കുന്നതിനായി യൂട്യൂബിലൂടെയും പ്രസ്തുത പാഠഭാഗങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ ക്ലാസുകളിലേക്കുള്ള 142 ഭാഗങ്ങളുടെ റെക്കോഡിങ് പൂർത്തീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യും. ക്ലാസുകള്‍ തയാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും 45 ടീമുകളാണ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.