മനാമ: അഞ്ചാമത് പാര്‍ലമെൻറ്, ശൂറാ കൗണ്‍സില്‍ രണ്ടാംഘട്ടത്തിന് തുടക്കം. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. ഈസ കൾചറല്‍ സെൻററില്‍ നടന്ന ചടങ്ങില്‍ പൊലീസ് ബാൻഡോടെ ഹമദ് രാജാവിനെ സ്വീകരിച്ചു. പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവര്‍ ചേര്‍ന്ന് ഹമദ് രാജാവ്, പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരെ സ്വീകരിച്ചു.
ജനാധിപത്യ വഴിയില്‍ രാജ്യം കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ ബാധ്യതയുണ്ടെന്ന് രാജാവ് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നായി നില്‍ക്കാനും അതുവഴി പുരോഗതിയും വളര്‍ച്ചയും നേടാനും സാധിക്കണം. വളര്‍ച്ചയും പുരോഗതിയും സാധ്യമാക്കുന്നതിന് മുന്‍ഗാമികള്‍ അര്‍പ്പിച്ച സേവനങ്ങളെ അനുസ്മരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. രണ്ട് നൂറ്റാണ്ട് മുമ്പാണ് രാജ്യത്ത് പുരോഗതിക്ക് അടിസ്ഥാനശില പാകിയത്. കഴിഞ്ഞുപോയ നാളുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മറക്കാതെ മുറുകെപിടിക്കാനും സന്നദ്ധമാകണം. മാറ്റങ്ങള്‍ വളരെ വേഗം വന്നുകൊണ്ടിരിക്കുന്ന കാലത്ത് പുതിയ ചിന്തകള്‍ക്ക് ഇടമുണ്ടാകേണ്ടതുണ്ട്.
ഭാവിയിലേക്ക് പ്രതീക്ഷയോടെ മുന്നോട്ട് പോകാനാണ് നാം ആഗ്രഹിക്കുന്നത്. സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചടുലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതിനും നടപടികൾ സ്വീകരിക്കുന്നു. രാജ്യത്തെ വ്യാവസായിക വളര്‍ച്ചയെപ്പറ്റിയും ഹമദ് രാജാവ് തെൻറ ആശയങ്ങള്‍ പങ്കുവെച്ചു.ഗതാഗത മേഖലയുടെ വളര്‍ച്ച, വിമാനത്താവള നവീകരണം, ബഹ്റൈനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ കിങ് ഹമദ് കോസ്വെ നിര്‍മാണത്തിനായുള്ള മുന്നൊരുക്കം എന്നിവയും വികസന വഴിയിലെ ചൂണ്ടുപലകകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിന് ശേഷം പാര്‍ലമെൻറ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ രാജാവിന് അഭിവാദ്യങ്ങള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.