ദമ്മാം വഴി നാട്ടിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്നും സൗദിയിലെ ദമ്മാം വഴി (ഗൾഫ് എയർ സർവീസ്) നാട്ടിലേക്ക് പോകുന്നവരും തികികെ ബഹ്റൈനിലേക്ക് വരുന്നവരും ശ്രദ്ധിക്കേണ്ട സുപ്രധാന ചില കാര്യങ്ങളുണ്ട്. യാത്ര സുഗമമാക്കാൻ ഈ കാര്യങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തേണ്ടത് ഓരോ യാത്രക്കാരന്‍റെയും കടമയാണ്.

യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കാൻ

വിസ കാലാവധി കഴിഞ്ഞവർക്കും കുറഞ്ഞവർക്കും ഗൾഫ് എയർ സർവീസിൽ കാലാവധി നീട്ടി വാങ്ങി യാത്ര ചെയ്യാവുന്നതാണ്. എന്നാൽ കൈവശം കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. ബഹ്‌റൈനിൽ സാമ്പത്തിക ഇടപാടുകളിലോ മറ്റ് നിയമപ്രശ്നങ്ങളിലോ അകപ്പെട്ട് യാത്രാ വിലക്കുള്ളവർ അത് പരിഹരിക്കാതെ യാത്ര ചെയ്യരുത്. ബോർഡറിൽ വെച്ച് ഇത്തരക്കാരെ തിരിച്ചയക്കുന്നത് പതിവാകുന്നുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബഹ്‌റൈന് പുറമെ സൗദിയിലും എമിഗ്രേഷൻ നടപടികളുണ്ട്. സൗദിയിൽ മുൻപ് എന്തെങ്കിലും നിയമപ്രശ്നങ്ങളോ പിഴകളോ ഉള്ളവർ അത് തീർപ്പാക്കിയ ശേഷം മാത്രം യാത്ര തിരിക്കുക. ഏതെങ്കിലും നിയമപരമായ കാരണങ്ങളാൽ എമിഗ്രേഷനിൽ തടയപ്പെട്ടാൽ എയർലൈൻ കമ്പനിക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

ബസ് യാത്രയിൽ

നിങ്ങളുടെ പാസ്‌പോർട്ട് ബസ് ഡ്രൈവറുടെ പക്കലായിരിക്കും ഉണ്ടാവുക. എമിഗ്രേഷൻ കൗണ്ടറുകളിൽ നടപടികൾക്കായി ഡ്രൈവർ പാസ്‌പോർട്ട് നിങ്ങൾക്ക് നൽകും. നടപടികൾക്ക് ശേഷം ഡ്രൈവർ തന്നെയായിരിക്കും പാസ്‌പോർട്ടുകൾ തിരികെ സ്വീകരിക്കുക. ഡ്രൈവറുടെ പക്കൽ നിങ്ങളുടെ പാസ്‌പോർട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തുക. എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് തിരികെ കയറുമ്പോൾ ബസ് മാറിപ്പോകാതിരിക്കാൻ ബസ് നമ്പറോ മറ്റ് അടയാളങ്ങളോ ശ്രദ്ധിച്ചു വെക്കുക. നിലവിലെ സാഹചര്യത്തിൽ ബോർഡറിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ബസുകൾ പുറപ്പെടാൻ വൈകിയേക്കാം. അതിനാൽ ലഘുഭക്ഷണങ്ങളും വെള്ളവും കൈവശം കരുതുന്നത് ഉചിതമായിരിക്കും. കൂടാതെ സമയത്ത് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത്യാവശ്യത്തിനുള്ളവയും കരുതുക.

ലഗേജും പരിശോധനയും

ദമ്മാം എയർപോർട്ടിൽ എത്തിയ ശേഷം ബസിൽ നിന്ന് ലഗേജുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ കൈകാര്യം ചെയ്യണം. എയർപോർട്ടിലെ ചെക്കിങ് നടപടികൾക്ക് ശേഷം മാത്രമേ എയർലൈൻ ലഗേജ് ഏറ്റെടുക്കുകയുള്ളൂ. ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. ലഗേജുകൾ പെട്ടന്ന് മനസ്സിലാക്കാൻ പാകത്തിൽ അടയാളങ്ങളോ പേരോ രേഖപ്പെടുത്തി വെക്കുക. ലഗേജ് ടാഗ് യാത്ര അവസാനിച്ച് ലഗേജ് കൈയിൽ കിട്ടുന്നത് വരെ സൂക്ഷിക്കുക. ഏതെങ്കിലും കാരണവശാൽ ലഗേജ് കാണാതായാൽ ഉപകാരപ്പെടും.

തിരികെ വരുന്നവർ ശ്രദ്ധിക്കാൻ

പുതുതായി എൽ.എം.ആർ.എ വിസയിൽ ബഹ്‌റൈനിലേക്ക് വരുന്നവർ വിസയുടെ കളർ പ്രിൻ്റ് കൈവശം കരുതണം. കോസ്‌വേയിൽ ഫിംഗർപ്രിൻ്റ് എടുക്കാനുള്ള സൗകര്യമില്ലാത്തതിനാൽ, ദമ്മാം വഴി എത്തുന്നവർ പിന്നീട് ബഹ്‌റൈനിലെ എൽ.എം.ആർ.എ ഓഫീസിൽ നേരിട്ട് ചെന്ന് വിരലടയാളം ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കൂടാതെ വിസിറ്റ് വിസക്കാർക്കും ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്. അതിനായി വിസിറ്റ് വിസയിൽ വരുന്നവർ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി കൈയിൽ കരുതണം. 350 ദീനാറോ അതിന് സമാനമായ ഡോളറോ വേണം. റിട്ടേൺ ടിക്കറ്റ്, ബഹ്റൈനിലുള്ള തന്നെ അറിയുന്ന ആളുടെ സി.പി.ആർ വിവരം എന്നിവ കൈവശമുണ്ടായിരിക്കണം. എയർപോർട്ടുകളിൽ നിശ്ചിത സമയത്തിന് മുൻപേ എത്താൻ ശ്രമിക്കുക. ട്രാവൽ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

Tags:    
News Summary - Things to keep in mind for those going home and returning via Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.