മനാമ: ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കാനും നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ കരാറിനായി ക്രിയാത്മകമായ മധ്യസ്ഥത വഹിച്ച പാകിസ്താൻ്റെ ശ്രമങ്ങളെയും ബഹ്‌റൈൻ പ്രത്യേകം അഭിനന്ദിച്ചു.
ജി.സി.സി രാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന നീതീകരിക്കാനാവാത്ത എല്ലാ ശത്രുതാപരമായ ആക്രമണങ്ങളും നിർത്തലാക്കണം. 2026ലെ യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817 പ്രകാരം ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ നിർമ്മാണവും വ്യാപനവും അവസാനിപ്പിക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇറാൻ അവസാനിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കുന്നതിനും സിവിലിയൻമാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും ആഗോള ഊർജ്ജ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനും ഈ വെടിനിർത്തൽ അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങൾക്കും ബഹ്‌റൈൻ്റെ പൂർണ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.