മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള റോഡിന് ടെൻഡർ ക്ഷണിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. എയർപോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലക്കാണ് റോഡ് നിർമാണമടക്കമുള്ള രണ്ടാം ഘട്ടം നടക്കുക. സൗദി ഡെവലപ്മെന്റ് ഫണ്ടാണ് ഇതിനാവശ്യമായ സഹായം നൽകുക. തെക്ക് വശത്തെ ഖലീഫ അൽ കബീർ റോഡിൽ നിന്നും ഫാൽക്കൺ ഇന്റർ സെക്ഷൻ സിഗ്നലിന് മുകളിലൂടെ ഇടത്തോട്ട് തിരിയുന്ന മേൽപാലവും പദ്ധതിയിലുണ്ട്.
ദോഹത് അറാദ് ക്രോസിങ്ങിന് പകരം പുതിയ ക്രോസിങ് നിർമിക്കാനും അടുത്തുള്ള കടൽ പ്രദേശം പുനരുദ്ധാരണം നടത്താനും പദ്ധതിയുണ്ട്. വടക്കു ഭാഗത്തുള്ള ഖലീഫ അൽ കബീർ സ്ട്രീറ്റിൽ നിന്ന് കിഴക്ക് ഭാഗത്തേക്ക് ഇടത്തോട്ട് തിരിയാൻ താൽക്കാലിക സിഗ്നൽ സ്ഥാപിക്കും. അറാദ് നടപ്പാതയുടെ ഭാഗവും ലാൻഡ് ലൈനുകളും സുരക്ഷ ബാരിക്കേഡുകളും പാരിസ്ഥിതിക സുരക്ഷ ബാരിക്കേഡുകളും പദ്ധതിയിൽ ഉൾപ്പെടും. വൃക്ഷത്തൈകൾ നടൽ, സർവിസ് ലൈനുകളുടെ സംരക്ഷണം, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനങ്ങളുടെ ഘടിപ്പിക്കൽ തുടങ്ങിയവയും ഇതിന്റെ ഭാഗമായുണ്ടാവും.
സാങ്കേതിക ആവശ്യകതകൾ നിറവേറ്റുന്ന ഏറ്റവും കുറഞ്ഞ തുകക്കുള്ള ടെൻഡറായിരിക്കും പരിഗണിക്കുക. പുതിയ ഇന്റർനാഷനൽ എയർപോർട്ട് കെട്ടിടത്തിലേക്കും പാർക്കിങ് കെട്ടിടത്തിലേക്കും സുഗമമായ പ്രവേശനവും ബഹിർഗമനവുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഭാഗമാണിത്. ഒന്നാം ഘട്ടത്തിൽ പുതിയ എയർപോർട്ട് കെട്ടിടത്തിന് എതിർവശത്തുള്ള റോഡ് പുനർനിർമിച്ചിരുന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ട് വൺവേ പാതയിലേക്കും പാസഞ്ചർ ഹാളിലേക്കുള്ള മേൽപാലവുമായി ഇത് ബന്ധിപ്പിക്കുന്നു. ഇതിന്റെ വീതി കൂട്ടുകയും മൂന്നു പ്രധാന പാതകളിലേക്ക് ബന്ധിപ്പിക്കുന്ന സർവിസ് റോഡും വി.ഐ.പികളെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ജങ്ഷനിലേക്ക് എത്തുന്ന റോഡും നിർമിക്കുകയും ചെയ്തിരുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.