ബഹ്‌റൈനിൽ അനധികൃത ഫ്ലയർ വിതരണത്തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്വത്തുക്കളിലും വാഹനങ്ങളിലും അനുമതിയില്ലാതെ പരസ്യ ഫ്ലയറുകളും പ്രചാരണ ലഘുലേഖകളും സ്ഥാപിക്കുന്ന വർധിച്ചുവരുന്ന പ്രവണതക്കെതിരെ മുനിസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തിന്റെ പൊതു ശുചിത്വ നിയമത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് അധികൃതർ അറിയിച്ചു.

താമസസ്ഥലങ്ങളിലും നഗരവീഥികളിലും ഈ പ്രവണത വ്യാപകമായതോടെ, ബഹ്‌റൈന്റെ നാഗരിക പ്രതിച്ഛായയെ ഇത് തകർക്കുമെന്നും ഉയർന്ന പാരിസ്ഥിതിക, സൗന്ദര്യപരമായ നിലവാരം നിലനിർത്താനുള്ള ദേശീയ ശ്രമങ്ങൾക്ക് വിരുദ്ധമാണെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹാസ പറഞ്ഞു. കാറുകളുടെ ഗ്ലാസുകളിൽ, ഡോറുകൾ, കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ എന്നിവിടങ്ങളിൽ ഫ്ലയറുകളും ലഘുലേഖകളും നിക്ഷേപിക്കുന്ന വ്യക്തികളെയും കമ്പനികളെയും സംബന്ധിച്ച് നിരവധി താമസക്കാർ ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഷകരമല്ലാത്ത പരസ്യമായി തോന്നാമെങ്കിലും, ഇത് നമ്മുടെ തെരുവുകളിൽ മാലിന്യകൂമ്പാരമായി മാറുന്നുവെന്ന് ബുഹാസ അഭിപ്രായപ്പെട്ടു. ഈ പേപ്പറുകൾ പറന്നുനടന്ന് ഓവുചാലുകൾ തടസ്സപ്പെടുത്തുകയും നമ്മുടെ നഗരപ്രദേശങ്ങളുടെ പൊതുവായ രൂപം നശിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമ്പ്രദായം നിയന്ത്രിക്കുന്നതിന് സഹായകമാകുന്ന ശുപാർശകൾ കൗൺസിൽ മുനിസിപ്പൽ കാര്യ-കൃഷി, വിവര, വ്യവസായ-വാണിജ്യ മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചിട്ടുണ്ട്.

അശ്രദ്ധമായി ലഘുലേഖകൾ വിതരണം ചെയ്യുന്നത് തുടരുന്നവർക്കെതിരെ 2019-ലെ പൊതു ശുചിത്വ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്ന പിഴകൾ കർശനമായി നടപ്പാക്കണമെന്നും കൗൺസിലർ അധികൃതരോട് ആവശ്യപ്പെട്ടു. നഗരങ്ങളുടെ സൗന്ദര്യവും ശുചിത്വവും നിലനിർത്തേണ്ടത് എല്ലാവരുടെയും പങ്കാളിത്തത്തോടുകൂടിയുള്ള ഉത്തരവാദിത്തമാണെന്ന് ബുഹാസ അടിവരയിട്ടുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഫീൽഡ് തലത്തിലുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത് മുനിസിപ്പൽ കൗൺസിലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Authorities warn against illegal flyer distribution in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.