കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ ശ്രമം; കമ്പനി ഉടമയ്ക്കും ജീവനക്കാർക്കും ശിക്ഷ വിധിച്ച് കോടതി

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ലേബൽ മാറ്റി വിപണിയിൽ എത്തിക്കാൻ ശ്രമിച്ച കേസിൽ കമ്പനി ഉടമയ്ക്കും തൊഴിലാളികൾക്കും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി. കമ്പനി ഉടമയ്ക്ക് 1,03,000 ദിനാറും പിഴയും കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ വംശജരായ നാല് തൊഴിലാളികൾക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവുണ്ട്.

കമ്പനിയുടെ രണ്ട് ഗോഡൗണുകൾ ആറ് മാസത്തേക്ക് അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത കേടായ ഭക്ഷ്യവസ്തുക്കളും ഇവ കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കും. വിധി അന്തിമമായാൽ പ്രതികളുടെ ചിലവിൽ തന്നെ പത്രങ്ങളിൽ പരസ്യം നൽകാനും കോടതി നിർദ്ദേശിച്ചു. നോർത്ത് ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പോലീസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ, ഒരു ഗോഡൗണിൽ കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിക്കുകയും അവയുടെ എക്സ്പയറി ഡേറ്റ് മാറ്റി പുതിയ ലേബലുകൾ ഒട്ടിച്ച് വിപണിയിൽ എത്തിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

തുടർന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റൊരു ഗോഡൗൺ കൂടി കണ്ടെത്തി. ഇവിടെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനൊപ്പം കാർപ്പെന്ററി ജോലികളും വാഹന അറ്റകുറ്റപ്പണികളും നിയമവിരുദ്ധമായി നടന്നിരുന്നതായും ബോധ്യപ്പെട്ടു.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വിപണിയിലെ ക്രമക്കേടുകൾ തടയാൻ കർശനമായ നിരീക്ഷണം തുടരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Tags:    
News Summary - Attempt to sell expired food items; The court sentenced the company owner and employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.