ഏഷ്യൻ സ്കൂൾ വാർഷികാഘോഷത്തിൽനിന്ന്
മനാമ: ഏഷ്യൻ സ്കൂൾ ബഹ്‌റൈൻ 42ാമത് വാർഷിക ദിനം പ്രൗഢമായി ആഘോഷിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസിങ് ആൻഡ് ഫോളോ-അപ് ഡയറക്ടർ ലുൽവ ഗസ്സാൻ അൽമുഹാന, ബഹ്‌റൈൻ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഡീൻ ഡോ. മാസിൻ മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഡയറക്ടർ ലോവി ജോസഫിന്റെ സ്വാഗത പ്രസംഗം നടത്തി. സ്കൂളിലെ ഈ വർഷത്തെ പ്രധാന അക്കാദമിക് നേട്ടങ്ങൾ പ്രിൻസിപ്പൽ മോളി മാമ്മൻ അവതരിപ്പിച്ചു. പ്രൈസ് ഡിസ്ട്രിബ്യൂഷൻ സെറിമണി ആയിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. അക്കാദമിക്, കായികം, സാംസ്കാരിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ആദരിച്ചു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കലാശിരോമണി, കലാപ്രതിഭ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വ്യക്തിഗത, ഓവറോൾ സ്പോർട്സ് ചാമ്പ്യന്മാർ ട്രോഫികൾ ഏറ്റുവാങ്ങി. 2024 അക്കാദമിക് വർഷത്തെ പ്രിൻസിപ്പൽസ് ഓണർ ലിസ്റ്റിൽ ഇടംനേടിയ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റുകൾ നൽകി. ജീവനക്കാരുടെ അർപ്പണബോധം കണക്കിലെടുത്ത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയ എട്ട് അധ്യാപകരെയും 35 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരധ്യാപികയെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക പരിപാടികളും എ.എസ്.ബി സിംഫണി ഓർക്കസ്ട്രയുടെയും സ്കൂൾ ബാൻഡിന്റെയും ശ്രദ്ധേയമായ പ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാഭ്യാസം നൽകുന്നതിലെ മികവും സമഗ്രമായ കാഴ്ചപ്പാടും വിളിച്ചോതുന്നതായിരുന്നു 42ാമത് വാർഷിക ദിനാഘോഷം. സദസ്സിൽനിന്ന് ലഭിച്ച പ്രശംസയോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.