പലിശ വിരുദ്ധ ജനകീയ സമിതി രമേശ് ചെന്നിത്തലക്ക് നിവേദനം കൈമാറുന്നു
മനാമ: പ്രവാസികളായ സാധാരണ മനുഷ്യരുടെ അധ്വാനവും സമ്പാദ്യവും ചൂഷണം ചെയ്യുന്ന ഇവിടത്തെ രക്തരക്ഷസ്സുകളായ വട്ടിപ്പലിശക്കാർക്കെതിരെ ബഹ്റൈൻ ഭരണകൂടവും ഇന്ത്യൻ എംബസിയും സ്വീകരിക്കുന്ന നടപടികൾക്കൊപ്പം നാട്ടിലും നടപടികൾ സ്വീകരിക്കാൻ സമ്മർദം ചെലുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പലിശ വിരുദ്ധ ജനകീയ സമിതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എക്ക് നിവേദനം നൽകി.
ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. തങ്ങളുടെ നിസ്സഹായതമൂലം പണം വാങ്ങുന്നവരെ പ്രവാസാവസാനം വരെ ചൂഷണം ചെയ്ത് അവരുടെ ജീവിതവും സമ്പാദ്യമാകെയും കൈക്കലാക്കുകയാണ് ഈ സാമൂഹികവിരുദ്ധർ. എല്ലാം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത വിധം യാത്ര വിലക്കിലേക്കും കുരുക്കിയിടുകയും ചെയ്യുന്നു ഈ പലിശക്കാർ.
ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഇരകളുടെ കൈയിൽനിന്ന് ഒപ്പിട്ട ബഹ്റൈൻ ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോർട്ടും കൈക്കലാക്കുന്നത് സർവസാധാരണമാണ്. പലിശയും കൂട്ടു പലിശയും പിഴപ്പലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ഒപ്പിട്ട ബ്ലാങ്ക് എൻ.ആർ.ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യുന്നത് പതിവാണ്.പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ്, ജനറൽ കൺവീനർ യോഗാനന്ദ്, വൈസ് ചെയർമാന്മാരായ നാസർ മഞ്ചേരി, അഷ്കർ പൂഴിത്തല, ബദറുദ്ദീൻ പൂവാർ, മനോജ് വടകര, ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, രാജു കല്ലുമ്പുറം, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.