എ.എം.എ.ഐ ബഹ്റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ
മനാമ: ആയുര്‍വേദ ചികിത്സയും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എ.എം.എ.ഐ) ബഹ്റൈന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം യോഗവും ജനറല്‍ ബോഡി മീറ്റിങ്ങും വിജയകരമായി നടന്നു. യോഗം പ്രഫ. ഫാത്തിമ അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യമേഖലയിലെ വനിതാ ശാക്തീകരണം എന്നിവയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്കിയ പ്രമുഖ അക്കാദമീഷ്യനും ആരോഗ്യവിദഗ്ധയുമാണ് പ്രഫ. ഫാത്തിമ അല്‍ മന്‍സൂരി. അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയര്മാന് ഡോ. ബിനു ജെ എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. അജുമല്‍ എ.എം സ്വാഗതപ്രസംഗം നടത്തി. ബഹ്റൈനില്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രീയവും നിയമപരവുമായ വളര്‍ച്ചക്കായി എ.എം.എ.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു.
ഡോ. അതുല്യ ഉണ്ണികൃഷ്ണന് നന്ദിപ്രമേയം അര്‍പ്പിച്ചു. 45 ആയുര്‍വേദ ഡോക്ടര്‍മാര്‍ പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഡോ. ബിനു ജെ എബ്രഹാം പ്രസിഡന്റായും ഡോ. അജുമല്‍ എ.എം സെക്രട്ടറിയായും ഡോ. പ്രശോഭ് കെ.പി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ലേഡീസ് വിങ് ഭാരവാഹികളായി ഡോ. അതുല്യ ഉണ്ണികൃഷ്ണന് (ചെയര്‍പേഴ്സണ്‍), ഡോ. ദേവി മുരളിദാസ് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.ബഹ്റൈനിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ ഐക്യം ശക്തിപ്പെടുത്തുകയും ശാസ്ത്രീയ ആയുര്‍വേദ ചികിത്സക്ക് കൂടുതല്‍ അംഗീകാരം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എ.എം.എ.ഐ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് യോഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.