അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും ഫുജിഫിലിമും കരാറൊപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും പ്രശസ്ത ഇമേജിങ് സാങ്കേതിക വിദ്യ കമ്പനിയായ ഫുജിഫിലിമും തമ്മിൽ കരാറൊപ്പിട്ടു. ദുബൈയിൽ നടന്ന വേൾഡ് ഹെൽത്ത് എക്സ്പോ 2026ൽ വെച്ചാണ് കരാർ ഒപ്പിട്ടത്. അൽ ഹിലാൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പത്താമത്തെ ശാഖയായ ബഹ്റൈനിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയിലാണ് അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഒരുക്കുന്നത്. ഇതോടെ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അത്യാധുനിക എം.ആർ.ഐ സിസ്റ്റം ജി.സി.സി രാജ്യങ്ങളിൽതന്നെ ആദ്യമായി അൽ ഹിലാൽ ആശുപത്രിയിൽ എത്തും. കുറഞ്ഞ അളവിൽ മാത്രം റേഡിയേഷൻ വേണ്ടിവരുന്ന നൂതന സിടി സ്കാനിങ് മെഷീനുകളും ഹൈ-എൻഡ് ഡിജിറ്റൽ എക്സ്റേ സംവിധാനങ്ങളും മൊബൈൽ എക്സ്റേ യൂനിറ്റുകളും ലഭ്യമാകും.
ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൾ ലത്തീഫ് ഉപ്പള, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു. ഫുജിഫിലിമിനെ പ്രതിനിധാനം ചെയ്ത് മെഡിക്കൽ ഡിവിഷൻ ജനറൽ മാനേജർ അറ്റ്സുഷി തതൈഷി, ഡിവിഷൻ മാനേജർ മുഹമ്മദ് സൊക്രാബ് എന്നിവരും കരാറിൽ ഒപ്പിട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ബഹ്റൈനിൽ ലഭ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചികിത്സാരീതികൾ രോഗികൾക്ക് വേഗത്തിലും കൃത്യതയുമുള്ള രോഗനിർണയം ഉറപ്പാക്കുമെന്ന് ഡോ. ശരത് ചന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.