അൽ ഹിലാലിന്റെ സൽമാബാദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ
മനാമ: ഫിലിപ്പെയ്ൻ എംബസിയുമായി സഹകരിച്ച് ഫിലിപ്പെയ്ൻ പ്രവാസികൾക്ക് 'കബായൻ പ്രിവിലേജ് കാർഡ്' പുറത്തിറക്കി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്. സൽമാബാദ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാർക്കറ്റിങ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, വെൽഫെയർ ഓഫിസർ ജുവിലിൻ ആൻഡ്സ് ഗുംബെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രതിനിധികളും ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഫിലിപ്പീൻസ് എംബസിയുടെ തുടർ സഹകരണത്തിനും പിന്തുണക്കും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ നന്ദി പറഞ്ഞു. സമൂഹത്തിന് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ നൽകുന്നതിനുള്ള അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ അർപ്പണബോധത്തിനും പ്രതിബദ്ധതക്കും അംബാസഡർ അഭിനന്ദനം അറിയിച്ചു.
കാർഡ് വിതരണത്തോടനുബന്ധിച്ച് പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു. ബഹ്റൈനിലെ ഫിലിപ്പീനികൾക്ക് മാത്രം രൂപകൽപന ചെയ്തിട്ടുള്ളതാണ് കബായൻ പ്രിവിലേജ് കാർഡ്. ഇത് രാജ്യത്തുടനീളമുള്ള അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സ്ഥാപനങ്ങളിൽ വിവിധ ആരോഗ്യസംരക്ഷണ ആനുകൂല്യങ്ങളും പ്രത്യേക സേവനങ്ങളും നൽകുന്നു.
കാർഡ് ഉടമകൾക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിറ്റാമിൻ ഡി ടെസ്റ്റ് പ്രത്യേക കിഴിവിൽ പരിമിതികളില്ലാതെ ലഭ്യമാക്കാനുള്ള അവസരം, കൂടാതെ ഓരോ മൂന്ന് മാസത്തിലും സൗജന്യ മിനി ബോഡി ചെക്അപ് എന്നിവ ലഭിക്കും. കബായൻ പ്രിവിലേജ് കാർഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജിജോ എബ്രഹാമുമായി 39294671 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.