അജിത് നായരും കുടുംബവും
മനാമ: പറഞ്ഞാൽ തീരാത്ത കഥകളുമായി യാത്ര തുടരുകയാണ് ബഹ്റൈൻ പ്രവാസിയായ അജിത് നായർ എന്ന കലാകാരൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ബഹ്റൈൻ പ്രവാസിയായ വയനാട് കൽപറ്റ സ്വദേശിയായ അജിത് നായർ. ബഹ്റൈനിൽ പ്രോഗ്രാമറായാണ് പ്രവാസ ജീവിതത്തിന് തുടക്കംകുറിച്ചത്. സിനിമ സംവിധാനം, യാത്ര, എഴുത്ത് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. പ്രഫഷനൽ രംഗത്ത് അജിത് നായർ കമേഴ്സ്യൽ ഫിലിം മേക്കർ, ഇവന്റ് ഓർഗനൈസർ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. അക്ഷരലോകത്ത് അനുഭവങ്ങളുടെ ആഴം തേടുന്ന എഴുത്തുകാരൻ കൂടിയായ അജിത് നായരുടെ മൂന്നാമത്തെ പുസ്തകമായ ‘പറഞ്ഞാലും തീരാത്ത കഥകൾ’ അടുത്തിടെ ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് പ്രകാശനം ചെയ്തിരുന്നു. പ്രശസ്ത സിനിമ സംവിധായകൻ ഹരിഹരൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ അവതാരിക എഴുതിയ പുസ്തകം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ളയാണ് പ്രകാശനം ചെയ്തത്.
വയനാടിന്റെ മണ്ണിൽനിന്ന് തുടങ്ങിയ യാത്രകൾ ജീവിതത്തിന്റെ ഓരോ ദശാസന്ധികളിലും ആത്മാന്വേഷണങ്ങളായി പരിണമിക്കുന്നതാണ് പറഞ്ഞാലും തീരാത്ത കഥകളിലെ പ്രത്യേകത. ഒരു ഒമ്പതാം ക്ലാസുകാരന്റെ മദിരാശി ജീവിത കാലവും കൗമാരകാലത്തിൽതന്നെ ഫോട്ടോഗ്രഫി എങ്ങനെ ജീവിതത്തിന്റെ ഭാഗമായി എന്നതും വളരെ ഹൃദയസ്പർശിയായി അജിത് നായർ ഈ പുസ്തകത്തിലൂടെ പറയുന്നു.
2006ൽ ഒരു അമേരിക്കൻ ചാനലിന് വേണ്ടി ഇറാഖ് സന്ദർശിച്ച് എണ്ണപ്പാടങ്ങളും നങ്കൂരമിട്ട അമേരിക്കൻ -യൂറോപ് യുദ്ധക്കപ്പലുകളും ചിത്രീകരിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ ആണവ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് ഡ്വൈറ്റ് ഡി. ഐസൻഹോവറി’ൽ തങ്ങിയാണ് അന്ന് ചിത്രീകരണം നടത്തിയത്. മുപ്പതോളം ആളുകള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന സി130 എന്ന യുദ്ധ വിമാനങ്ങളുടെ ശ്രേണിയില്‍പ്പെട്ട വിമാനത്തിലാണ് അന്ന് ഇറാഖിലേക്കും തിരിച്ചും യാത്ര ചെയ്തത്. തിരിച്ചെത്തിയപ്പോഴാണ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വിവരം അറിയുന്നത്. ഇതേകുറിച്ച് വിശദമായ യാത്രാവിവരണം അജിത് നായർ എഴുതിയിട്ടുണ്ട്. നാഷനൽ ജിയോഗ്രഫിക്, ബി.ബി.സി എന്നിവക്ക് വേണ്ടി അജിത് നായർ ചിത്രീകരിച്ച പല ഡോക്യുമെന്ററികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2010ൽ ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘നിലാവി’ന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും അജിത് നായർ നിർവഹിച്ചു. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ കെ.എസ്. ചിത്ര, ജി. വേണുഗോപാൽ തുടങ്ങിയ പ്രതിഭകളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ പുറത്തിറങ്ങിയ ‘മയൂരം’ എന്ന മ്യൂസിക് വിഡിയോയുടെ ചിത്രീകരണവും സംഗീത സംവിധാനവും നിർവഹിച്ചു. അജിത് നായർ ഇതിനകം നൂറിൽ പരം മ്യൂസിക് വിഡിയോകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. യാത്രാ പ്രിയനായ അജിത് നായർ ജോലി സംബന്ധമായും അല്ലാതെയും കുടുംബത്തോടൊപ്പവും 50ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരുടേയും ഭാരതി നേത്യാരുടേയും മകനായ അജിത് നായർ ബിസിനസിലും രസതന്ത്രത്തിലും ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്.
സിന്ധുവാണ് അജിത് നായരുടെ ഭാര്യ. മൂത്തമകൻ നന്ദു സി.എഫ്.എ പഠനം തുടരുന്നു. രണ്ടാമത്തെ മകൻ ഗോപു കോഴിക്കോട് എൻ.ഐ.ടിയിൽ ഒന്നാം വർഷ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.