റമദാൻ ആഘോഷങ്ങൾക്കായുള്ള അലങ്കാരങ്ങൾ വിൽപനക്ക് വെച്ചപ്പോൾ. മുഹറഖ് മാർക്കറ്റിൽ നിന്നുള്ള കാഴ്ച     ചിത്രം- സനുരാജ്

ബഹ്റൈനിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷം

മനാമ: വിശുദ്ധ മാസത്തെ മാസപ്പിറവി കാണുന്നതോടെ അനുഭൂതിനിറഞ്ഞതും ആനന്ദമേറിയതുമാ‍യ രാവുകളെ സമ്മാനിക്കാൻ ‘റമദാൻ ഇൻ ബഹ്റൈൻ’ പദ്ധതികളുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ). ആത്മവിശുദ്ധിയുടെ നാളുകൾക്കൊപ്പം ഒരു മാസം രാജ്യത്തെ ആഘോഷങ്ങൾക്കും തിരിതെളിയും. പദ്ധതിയിലൂടെ റമദാനിൽ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന മനോഹര രാവുകൾ സമ്മാനിക്കാനൊരുങ്ങുകയാണ് ബഹ്റൈൻ ടൂറിസം.

ലൈറ്റുകളും തോരണങ്ങളുമായി നഗരവീചികളും കടകളും വീടുകളും ഒരുക്കിയെടുക്കും. കുട്ടികൾക്കിടയിലെ ഗർഖാഊൻ (സമ്മാന ദാന ആഘോഷം) മനോഹര ഏടായി ഈ പ്രാവശ്യവും ആഘോഷിക്കും. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി രാജ്യത്തെ പൈതൃകം, വിനോദം, ആതിഥ്യം എന്നിവ പ്രകടമാക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന മനാമ നൈറ്റ്സാണ് കൂടുതൽ വിശേഷപ്പെട്ടത്. നിരവധി കടകളുമായി സഹകരിച്ച് റമദാൻ പ്രമേയങ്ങളെ പ്രദർശിപ്പിച്ചും മറ്റും മനാമ തെരുവുകളെ നയനമനോഹരമാക്കും. രാത്രികാല നിമിഷങ്ങളെ അവിസ്മരണീയമാക്കാൻ പാകത്തിലൊരുക്കുന്ന ഗെയിമുകൾ, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത പ്രവർത്തനങ്ങൾ എന്നിവ മനാമ നൈറ്റ്സിൽ അരങ്ങേറും. മാർച്ച് ഒന്നിന് തുടങ്ങി മാർച്ച് 30 വരെ തുടരുന്ന നൈറ്റ്സിന് മനാമ സൂഖും സാ‍ക്ഷിയാകും.

കടകൾക്ക് പുറമെ റസ്റ്റാറന്‍റുകളും ആഘോഷ പരിപാടികളുമായി സഹകരിക്കും. സന്ദർശകർക്ക് വൈകീട്ട് ഏഴുമുതൽ അർധരാത്രി 12 വരെ പ്രവേശനമുണ്ടാവും. വാരാന്ത്യങ്ങളിൽ ഒരു മണി വരെ തുടരും. മനാമക്ക് പുറമെ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്‍റിക്വിറ്റിസിന്‍റെ മേൽനോട്ടത്തിൽ മുഹറഖ് പേളിങ് പാത്തിലും അലങ്കാരങ്ങളും ആഘോഷങ്ങളുമുണ്ടാകും. റമദാനിന്‍റെ പൈതൃകങ്ങളെയും ഇന്നലകളെയും ഓർമപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളുമായി ഹെറിറ്റേജ് വില്ലേജിനെ ഇൻഫർമേഷൻ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 8.30ന് തുടങ്ങി രാത്രി ഒന്നിന് അവസാനിക്കുന്ന ഹെറിറ്റേജ് വില്ലേജിലെ ആഘേഷങ്ങൾ നോമ്പ് 18 വരെ തുടരും.

ബഹ്റൈന്‍റെ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രദർശിപ്പിക്കുന്ന ഈ ആഘോഷ പരിപാടികൾ രാജ്യത്തിന്‍റെ ഖ്യാതിയെ പ്രകാശിപ്പിക്കുമെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറ അഹ്മദ് ബുഹൈജി പറഞ്ഞു. ജി.സി.സിയിൽ നിന്നുള്ള സന്ദർശകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവരെ ആകർഷിക്കുന്നതിനായി യാത്രാ കിഴിവുകൾ, താമസം, ഗതാഗതം, വിനോദ പാക്കേജുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളടക്കം റമദാൻ ഇഫ്താറുകളും വിരുന്നുകളും സജ്ജമാക്കുന്നുണ്ട്. ഷോപ്പിങ് മാളുകളിലുടനീളം റമദാൻ കിഴിവുകളുണ്ടാവും. കൂടാതെ റസ്റ്റാറന്‍റുകളും ഹോട്ടലുകളും പ്രത്യേക ഈദ് പരിപാടികൾ സംഘടിപ്പിക്കും.

Tags:    
News Summary - A month-long celebration in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.