മക്കളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. വായനയുടെ വിശാലമായ ലോകം തുറന്നുതന്നതിൽ എന്റെ കാര്യവും വ്യത്യസ്തമല്ല. പൂമ്പാറ്റയിലും ബാലരമയിലും ബോബനും മോളിയിലും തുടങ്ങിയ കുഞ്ഞുശീലം ഇനി ഞാൻ ഉറങ്ങട്ടെയിലും ഖസാക്കിന്റെ ഇതിഹാസത്തിലും യായാതിയിലും യന്ത്രത്തിലും ഒക്കെ എത്തിയപ്പോൾ മുറിച്ചുമാറ്റാനാവാത്ത ഒരു ബന്ധം വായനയുടെ ലോകവുമായി സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പത്രവായനയുടെ കാര്യവും വ്യസ്ത്യസ്തമല്ല. ചെറുപ്രായത്തിലേ വളർത്തിയെടുക്കപ്പെട്ട ശീലം. ഇന്നും ആവേശം ഒട്ടും ചോരാതെ ചേർത്തുപിടിച്ചിരിക്കുന്നു ആ ശീലത്തെ. അതിലൂടെ പകർന്നുകിട്ടുന്ന അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും ലോകം ഒട്ടും ചെറുതല്ല.
ഏറെ ഇഷ്ടപ്പെട്ടിരുന്ന പലതിനെയും അക്കരെ മാറ്റിവെച്ചിട്ടാണല്ലോ ഓരോ പ്രവാസിയും വണ്ടി കയറുന്നത്. അക്കൂട്ടത്തിൽ എന്നെ ഏറ്റവും ആശങ്കപ്പെടുത്തിയിരുന്ന പലകാര്യങ്ങളിൽ ഒന്നായിരുന്നു രാവിലെ പത്രം വായിക്കാൻ എന്ത് ചെയ്യുമെന്നത്. അതിനുള്ള ഉത്തരമായി അന്ന് മുതൽ കൂടെ കൂടിയതാണ് 'ഗൾഫ് മാധ്യമം'. അക്കാലങ്ങളിൽ മാധ്യമം എന്നത് കേവലം ഒരു പത്രം മാത്രമായിരുന്നില്ല. പകൽ നേരം മുഴുവൻ ഒറ്റക്കിരിക്കുന്നതിന്റെ മടുപ്പ് മാറ്റാൻ ഏറെ സഹായിച്ച പ്രിയ കൂട്ടുകാരി. ഇവിടത്തെയും അൽപം വൈകിയാണെങ്കിലും നാട്ടിലെയും വിശേഷങ്ങൾ അറിയിച്ചുതന്നിരുന്നു ആ നല്ല ചങ്ങാതി. '
രണ്ടു പതിറ്റാണ്ടുകൾ' പിന്നിട്ടിരിക്കുന്നു ഈ ദൃഢബന്ധത്തിന്. നാട്ടിലേതുപോലെ നേരം പുലരുമ്പോൾതന്നെ വീടിനുമുന്നിൽ എത്തുന്ന പത്രം രാവിലെ വായിക്കാൻ സമയം കിട്ടാത്ത ദിവസങ്ങളിൽ, സ്കൂളിൽ കിട്ടുന്ന ഇടവേളകളിൽ പത്രവായനക്ക് സമയം കണ്ടെത്തുന്ന എന്നോട് പലരും ചോദിക്കാറുണ്ട്, ടീച്ചറിന് എങ്ങനെയാ ഈ പത്രം കിട്ടുന്നതെന്ന്. അതിനുള്ള മറുപടിയിലൂടെ പലരേയും ഗൾഫ് മാധ്യമത്തിന്റെ വായനക്കാരാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചാരിതാർഥ്യത്തോടെ ഓർക്കുന്നു. പലപ്പോഴായി കോറിയിട്ട വരികൾക്കും വാക്കുകൾക്കും ആദ്യമായി അച്ചടിമഷി പുരണ്ടത് ഗൾഫ് മാധ്യമത്തിലൂടെയാണ് എന്നൊരു ബന്ധം കൂടിയുണ്ട് ഈ പത്രവുമായി.
ഇവിടെയുള്ള മലയാളികളെ, അവരുടെ യുവതലമുറയെ പത്രവായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരാൻ ഗൾഫ് മാധ്യമം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം തന്നെ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ പവിഴദ്വീപിന്റെ സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ ശക്തമായ മുദ്ര പതിപ്പിക്കാൻ മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് കാര്യത്തിലും വ്യക്തമായ നിലപാടുകളോടെ ഇനിയും കൂടുതൽ ഇടങ്ങളിലേക്ക്, വരിക്കാരിലേക്ക്, ഉയരങ്ങളിലേക്ക് ഗൾഫ് മാധ്യമത്തിന് കടന്ന് ചെല്ലാൻ കഴിയട്ടെ എന്ന് സ്നേഹാദരങ്ങളോടെ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.