മനാമ: ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണിൽ വിളിച്ച് ബഹ്റൈനി യുവതിയുടെ അക്കൗണ്ടിൽ നിന്ന് 1,030 ദീനാർ തട്ടിയെടുത്ത കേസിൽ 26 വയസ്സുകാരനായ ഏഷ്യൻ സ്വദേശിയെ അധികൃതർ പിടികൂടി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന യുവതിയെ സമീപിച്ച പ്രതി, അവരുടെ ഫോണിലേക്ക് വന്ന ഒ.ടി.പി കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിൽ നിന്നുള്ള ഔദ്യോഗിക കോളാണെന്ന് വിശ്വസിച്ച് യുവതി കോഡ് കൈമാറിയ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുകയായിരുന്നു. തട്ടിയെടുത്ത തുക പ്രതി സ്വന്തം അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇതിൽ 1,000 ദീനാർ അന്ന് തന്നെ ഇയാൾ പിൻവലിക്കുകയും ചെയ്തു. അന്വേഷണത്തിൽ മറ്റൊരു വ്യക്തിക്ക് കൂടി തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റം സമ്മതിച്ച പ്രതിയുടെ കേസ് നിലവിൽ ഹൈ ക്രിമിനൽ കോടതിയുടെ പരിഗണനയിലാണ്. ഫോൺ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ലഭിക്കുന്ന ഒ.ടി.പി, പാസ്‌വേഡ്, മറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഒരിക്കലും ആരുമായും പങ്കുവെക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ഉപഭോക്താക്കളോട് വെരിഫിക്കേഷൻ കോഡുകൾ ആവശ്യപ്പെടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംശയകരമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടനടി ബാങ്കിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.