സിവില്‍ ഡിഫന്‍സ് വിഭാഗം  നവീകരിക്കും –താരിഖ് അല്‍ഹസന്‍ 

മനാമ: സിവില്‍ ഡിഫന്‍സ് വിഭാഗത്തെ മികച്ച പരിശീലനം നല്‍കി നവീകരിക്കുമെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ഹസന്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ലോക സിവില്‍ ഡിഫന്‍സ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടികളില്‍ മുഖ്യ ഊന്നല്‍ സിവില്‍ ഡിഫന്‍സിനാണ് നല്‍കുന്നതെന്ന് താരിഖ് അല്‍ഹസന്‍ വ്യക്തമാക്കി. ഏത് തരം അപകടങ്ങളും ദുരന്തങ്ങളും നേരിടുന്നതിനുള്ള പരിശീലനങ്ങള്‍ തുടരും. 
ഭാവി പദ്ധതികള്‍ തയാറാക്കുകയും അതിനനുസരിച്ചുള്ള വിദഗ്ധ പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ലോകനിലവാരമുള്ള വിഭാഗമായി സിവില്‍ ഡിഫന്‍സിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ ഡിഫന്‍സ് നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതാണ്. അടിസ്ഥാന സൗകര്യ വികസനം, കെട്ടിടങ്ങളുടെ നിര്‍മാണം എന്നിവ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. 
അക്രമ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, റോഡപകടങ്ങള്‍, തീപിടിത്തം തുടങ്ങിയ വിവിധ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവിടെ കൃത്യമായും വേഗത്തിലും ഇടപെടുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് സിവില്‍ ഡിഫന്‍സ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.