പകല്‍ നീളുന്ന നാടകോത്സവവുമായി ‘പ്രതിഭ’; പുതുതലമുറക്ക് അവസരം

മനാമ:  പുതുതലമുറക്ക് അവസരം നല്‍കുന്നതിനും അരങ്ങിലെ മാറ്റങ്ങളെ മനസ്സിലാക്കുന്നതിനും ഉതകുന്ന രീതിയില്‍ ബഹ്റൈന്‍ പ്രതിഭ നാടകോത്സവം സംഘടിപ്പിക്കുന്നു. 2014ല്‍ നടത്തിയ നാടക ക്യാമ്പിന്‍െറ  തുടര്‍ച്ചയായാണ് പകല്‍ മുഴുവന്‍ നീളുന്ന നാടകോത്സവം നടത്തുന്നത്. ജനുവരി 13ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം വരെ കേരളീയ സമാജത്തിന്‍െറ ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകോത്സവം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര മണിക്കൂര്‍ വീതമുള്ള ആറ് നാടകങ്ങളാണ് അവതരിപ്പിക്കുക. പ്രതിഭയുടെ 12 ഏരിയകളിലെ പ്രവര്‍ത്തകരും ഭാരവാഹികളുമാണ് ആറ് നാടകങ്ങളുടെയും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. രണ്ട് ഏരിയകള്‍ ചേര്‍ന്നാണ് ഒരു നാടകം ഒരുക്കുന്നത്. കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന പരിസരങ്ങളെ മലയാള നാടകവേദി എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതു മലയാളി പ്രവാസി സമൂഹത്തിന്‍െറ ചര്‍ച്ചക്കു വിധേയമാക്കുക എന്ന ശ്രമമാണ് ഈ നാടകോത്സവത്തിലുടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പകല്‍ മുഴുവന്‍ നീളുന്ന നാടകോത്സവം വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് ‘പ്രതിഭ’ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആസ്വാദകരെ പിടിച്ചിരുത്തുന്നതിനൊപ്പം നാടകത്തെ ഗൗരവമായി ചര്‍ച്ച ചെയ്യാനും പകല്‍ മുഴുവന്‍ നീളുന്ന നാടകോത്സവം കാരണമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.   പി.എം. താജ് രചിച്ച ‘കുടുക്ക അഥവ വിശക്കുന്നവന്‍െറ വേദാന്തം’ മനോജ് തേജസ്വിനിയാണു സംവിധാനം ചെയ്യുന്നത്. റിഫ- ഹമദ് ടൗണ്‍ ഏരിയകള്‍ ഒരുക്കുന്ന ‘ജിനാഫറിനും പൂമ്പാറ്റയും’ എന്ന നാടകം സംവിധാനം ചെയ്യുന്നത് വിജിന സന്തോഷാണ്. ഈ നാടകം രചിച്ചിരിക്കുന്നത് റഫീഖ് മംഗലശ്ശേരിയാണ്.  മുഹറഖ്-ഹിദ്ദ് ഏരിയകള്‍ ഒരുക്കുന്ന ‘ദ്വന്ദം’ രചിച്ചിരിക്കുന്നത്  പ്രദീപ് മണ്ടൂരും സംവിധാനം വിനോദ് വി ദേവനുമാണ്.  ‘സദ്ഗതി’ രചന ഇ വി ഹരിദാസ്, സംവിധാനം കൃഷ്ണകുമാര്‍. 
‘തളപ്പ്’ രചന അസീസ് പെരിങ്ങോട്, സംവിധാനം ജയശങ്കര്‍, ഹീര ജോസഫ്. ‘ഉതുപ്പാന്‍െറ കിണര്‍’ രചന: പി ജെ ഉണ്ണികൃഷ്ണന്‍, സംവിധാനം ശിവകുമാര്‍ കുളത്തുപുഴ എന്നിവയാണ് മറ്റ് നാടകങ്ങള്‍.
നാടകം അരങ്ങിലത്തെിക്കുന്നതിനുള്ള റിഹേഴ്സല്‍ ക്യാമ്പുകള്‍ വിവിധ ഭാഗങ്ങളിലായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. മികച്ച രീതിയില്‍ നാടകങ്ങള്‍ അരങ്ങിലത്തെിക്കുന്നതിന് സഹായിക്കുന്നതിന് സാംകുട്ടി പട്ടങ്കരി ബഹ്റൈനിലത്തെിയിട്ടുണ്ട്.  സംഘാടക സമിതി ചെയര്‍മാന്‍ സി.വി. നാരായണന്‍, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, പി.ശ്രീജിത്ത്, ഷരീഫ് കോഴിക്കോട്, മഹേഷ്കുമാര്‍, സതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.