മനാമ: സ്വത്വം വ്യക്തികളുടെ സാമൂഹിക ജീവിതത്തെ നിര്‍ണയിക്കുന്ന സാചര്യമാണ് ഇന്ത്യയില്‍ തുടരുന്നതെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നത് വിഷയമല്ല, മറിച്ച് നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണയിക്കുന്ന മേല്‍ക്കോയ്മയായി അത് നിലനില്‍ക്കുന്നു എന്നതാണ് പ്രശ്നം. ജാതി, മതം, ദേശം എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ജീവിതത്തെ എല്ലാ അര്‍ഥത്തിലും നിര്‍ണയിക്കുന്ന ഘടകങ്ങളായി നിലനില്‍ക്കുകയാണ്. ജെ.എന്‍.യുപോലുള്ള സ്ഥലത്തുപോലും മഹിഷാസുരനെ ആരാധിക്കുന്നത് ദേശദ്രോഹപരമായാണ് സംഘ്പരിവാര്‍ കാണുന്നത്. അസംഖ്യം ദൈവസങ്കല്‍പങ്ങളുള്ള ഒരു രാജ്യത്ത് മഹിഷാസുരനെ ഒരു കൂട്ടര്‍ ആരാധിച്ചാലെന്ത് എന്ന് ചിന്തിക്കുന്നതിനുപകരം, ആരാധനയെപ്പോലും ദേശസങ്കല്‍പവുമായി കൂട്ടിക്കുഴക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. രാക്ഷസന്‍ ആദ്യ ഭൂസംരക്ഷകനാണ് എന്ന് ജ്യോതിബ ഫൂലെ പറയുന്നുണ്ട്. ഇക്കാര്യമൊന്നും സംഘ്പരിവാറിന് വിഷയമല്ല. ഈയൊരു വിഷയത്തില്‍ തന്നെ, ആരാധിക്കാം, ആരാധിക്കാതിരിക്കാം, ദുര്‍ഗയെയും മഹിഷാസുരനെയും ആരാധിക്കാം എന്നൊക്കെയുള്ള നിലപാട് സ്വീകരിക്കാം. പക്ഷെ, എങ്ങനെയാണ് ഇത് ദേശദ്രോഹപരമാകുന്നത്? ഇത്തരം സംഭവങ്ങളെ ദേശവ്യവഹാരവുമായി ബന്ധിപ്പിക്കുകയെന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. മുമ്പ് കുടുമ മുറിക്കുന്നതിനെക്കുറിച്ച് കേരളത്തില്‍ ദീര്‍ഘകാലം ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ കുടുമ ദേശീയതയാണ് എന്ന് വരുന്നതോടെ ഈ പ്രശ്നത്തിന് മറ്റൊരു തലം കൈവരും.
സംസ്കാരത്തിന്‍െറ കടിഞ്ഞാണ്‍ എപ്പോഴും ഉപരിവര്‍ഗത്തിന്‍െറ കൈകളിലാണ്. അതുകൊണ്ടാണ് കേരളോല്‍പത്തിയുമായി ബന്ധപ്പെട്ട മിത്തുകളില്‍ പോലും പരശുരാമന്‍െറ മിത്തിന് മേല്‍ക്കൈ ലഭിക്കുന്നത്. കേരളം രൂപപ്പെടുന്നത് അധ്വാനത്തില്‍ നിന്നാണ് എന്ന് അര്‍ഥം വരുന്ന മറ്റുചില മിത്തുകളുണ്ട്. അതൊന്നും പ്രചാരത്തിലില്ളെന്ന് മാത്രം. നൃത്തരൂപങ്ങള്‍ അനവധിയുള്ള നാടാണ് നമ്മുടേത്. അവിടെ ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങള്‍ മാത്രം മുന്‍നിര കയ്യടക്കുകയും ഇരുളനൃത്തം പോലുള്ളവ ഇരുട്ടില്‍ തന്നെ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നു. വിളക്കുകത്തിക്കലിനെയും ഇങ്ങനെ കാണാം. ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് വിളക്കോ മെഴുകുതിരിയോ കൊളുത്താം, കൊളുത്താതിരിക്കാം. എന്നാല്‍, ‘കൊളുത്താതിരുന്നാല്‍’ എന്നു പറഞ്ഞ് വിരട്ടുന്നത് ഫാഷിസത്തിന്‍െറ രീതിയാണ്. ദേശീയതയെ ഫാഷിസ്റ്റുകള്‍ പ്രത്യക്ഷ തലത്തിലും സവര്‍ണത സൂക്ഷ്മതലത്തിലും നിര്‍വചിക്കുന്നുണ്ട്. ഇത് ഒരു പ്രത്യക്ഷ രാഷ്ട്രീയ പ്രശ്നം മാത്രമല്ല. മറിച്ച് സൂക്ഷ്മ രാഷ്ട്രീയ പിന്തുണയുള്ള കാര്യമാണ്. എല്ലാ തലത്തിലും ഇത് നടക്കുന്നുണ്ട്. വാക്കുകള്‍ക്ക് പോലും ‘ശുദ്ധി’വേണമെന്ന വാദം സംഘ് ബുദ്ധിജീവികള്‍ മുന്നോട്ടുവക്കുന്നു. ഉര്‍ദുവുമായി കലര്‍ന്ന ഹിന്ദി വാക്കുകള്‍ വേണ്ട എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്ന ഒരു വാദം. ആഘോഷങ്ങളില്‍ മെഴുകുതിരി കത്തിക്കരുത് എന്നും വാദിക്കുന്നുണ്ട്.
കേരളത്തിലെ പല വിപ്ളവസ്വഭാവമുള്ള സംഘടനകളും അതിന്‍െറ പാരഡിയായി മാറിയിട്ടുണ്ട്. എസ്.എന്‍.ഡി.പിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. രൂപവത്കരിക്കപ്പെട്ട കാലത്തെ എസ്.എന്‍.ഡി.പിയുമായി ഇപ്പോഴത്തെ എസ്.എന്‍.ഡി.പിക്ക് യാതൊരു ബന്ധവുമില്ല.
ജെ.എന്‍.യു-എച്ച്.സി.യു സമരങ്ങള്‍ ഫാഷിസത്തിനെതിരായ അത്യുജ്ജല പോരാട്ടമാണ്. ഈ സമരം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍-നീല്‍ സലാം, ലാല്‍ സലാം പോലുള്ളവ-പുതിയ ഐക്യപ്പെടലുകള്‍ വിളംബരം ചെയ്യുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരുടെ മുന്നിലുള്ള കടമ ഫാഷിസത്തിനെതിരെ വിപുലമായ പ്രതിരോധനിര കെട്ടിപ്പടുക്കുക എന്നതുതന്നെയാണ്. ഇതിന് രാഷ്ട്രീയവും സാംസ്കാരികവുമായ തലമുണ്ട്. സാംസ്കാരിക തലത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ള എല്ലാവരും കൈകോര്‍ക്കണം. അടിയന്തരാവസ്ഥയെപോലും ഫാഷിസവുമായി താരതമ്യം ചെയ്യാനാകില്ല. ജാര്‍ഖണ്ഡില്‍ പോത്തുകച്ചവടക്കാരെ കൊന്നുകെട്ടിത്തൂക്കിയ സംഭവത്തില്‍ സി.പി.എം പ്രതിഷേധ പരിപാടി നടത്തുമ്പോള്‍ അതില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുചേരാവുന്നതാണ്. അത്തരം ഐക്യപ്പെടലുകളാണ് പുതിയ കാലത്ത് വേണ്ടത്.
സ്വന്തം ജനതയെ ആഭ്യന്തര ഭീഷണിയായി കാണുന്നവരാണ് ഫാഷിസ്റ്റുകള്‍. അവരെ ചോദ്യം ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷവുമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയുടെ കേന്ദ്രകമ്മിറ്റി ഓഫിസ് സംഘ്പരിവാര്‍ ആക്രമിക്കുന്നത്. ഒരുവിധം സംഘര്‍ഷവും ആക്രമണവും അംഗീകരിക്കാവുന്നതല്ല. അത് ആര് ചെയ്താലും ശരിയുമല്ല. എന്നാല്‍, സൂക്ഷ്മ തലത്തില്‍ നോക്കുമ്പോള്‍ എവിടെയാണ് സംഘര്‍ഷം തുടങ്ങുന്നത് എന്ന് വ്യക്തമാകും. സൈനികവത്കരണത്തിന്‍െറ സ്രോതസുകള്‍ അടച്ചുപൂട്ടുക വഴി മാത്രമേ ഇത്തരം സംഘര്‍ഷങ്ങള്‍ അവസാനിക്കൂ. സംഘ്പരിവാര്‍ ശാഖകള്‍ വഴി സമാന്തര സൈനിക വ്യവസ്ഥ തന്നെയാണ് ഇന്ത്യയില്‍ രൂപവത്കരിച്ചിട്ടുള്ളത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടതുപക്ഷത്തെ ബോധപൂര്‍വം പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
എല്ലാ ജീവനും വിലപ്പെട്ടതാണ്. കയ്യാങ്കളിക്ക് പകരം ‘വാക്കാങ്കളി’ പുലരുന്ന കാലം വരണം. അപ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥപൂര്‍ണമാകൂ. -കെ.ഇ.എന്‍. കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.