മണിയുടെ വിയോഗത്തില്‍  ഹൃദയം തകര്‍ന്ന് ആത്മസുഹൃത്ത്

മനാമ: മലയാളികളുടെ പ്രിയ ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്‍െറ പ്രിയ സുഹൃത്തും ബഹ്റൈന്‍ പ്രവാസിയുമായ മനോജ് മയ്യന്നൂര്‍. മണിയുമായി 15 വര്‍ഷം നീളുന്ന ആത്മബന്ധമാണ് മനോജിനുള്ളത്. സ്റ്റേജ് ഷോ സംഘാടകനായ മനോജ് മണിയെ പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഈ പരിചയം പിന്നീട് വലിയ സൗഹൃദമായി വളരുകയായിരുന്നു. കൂടെപ്പിറപ്പുകളേക്കാള്‍ വലിയ അടുപ്പമായിരുന്നു മണിച്ചേട്ടനെന്ന് മനോജ് കരഞ്ഞുകൊണ്ട് പറഞ്ഞു. 
ബഹ്റൈനില്‍ വരുന്ന സമയമെല്ലാം മനോജിന്‍െറ വീട്ടിലാണ് മണി താമസിച്ചിരുന്നത്. സിനിമയിലെ തുടക്കക്കാര്‍ വരെ ഫൈസ് സ്റ്റാര്‍ സൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോഴാണിത്. വീട്ടിലത്തെിയാല്‍ കുടുംബവുമായുള്ള സംസാരവും പാചകവും മറ്റുമായി കഴിയാനായിരുന്നു മണിക്ക് ഇഷ്ടമെന്ന് മനോജ് പറഞ്ഞു. ഒടുക്കം ബഹ്റൈനിലത്തെിയത് ഇന്ത്യന്‍ ക്ളബ് നടത്തിയ പരിപാടിക്കാണ്. വരുന്ന മേയ് 27ന് ‘ഫെഫ്ക’യുടെ പരിപാടി മനോജിന്‍െറ നേതൃത്വത്തില്‍ നടക്കാനിരിക്കുകയാണ്. പൃഥ്വിരാജും ദിലീപും മറ്റും പങ്കെടുക്കുന്ന ഈ പരിപാടിയിലും മണിയുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. 
എട്ടു വര്‍ഷം മുമ്പ് ‘അറേബ്യന്‍ മണികിലുക്കം’ എന്ന പേരില്‍ സൗദിയൊഴികെയുള്ള ജി.സി.സി രാജ്യങ്ങളില്‍ മനോജ് മണിയുമൊത്ത് 19 സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിരുന്നു. ഗള്‍ഫിലും നാട്ടിലുമായി പലയിടത്തും പരിപാടികള്‍ നടത്തി. ഒരു സാമ്പത്തിക പ്രതിസന്ധി വന്നുപെട്ടപ്പോള്‍ മണി മനോജിന്‍െറ വീട്ടിലത്തെി അമ്മയുടെ കയ്യില്‍ അന്നത്തെ പ്രയാസങ്ങള്‍ തീര്‍ക്കാനാവശ്യമായ തുക ഏല്‍പ്പിച്ചതും മനോജ് ഓര്‍ത്തു. മനോജിന്‍െറ അമ്മയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എല്ലാ ആഴ്ചയും അമ്മയെ ഫോണില്‍ വിളിക്കുമായിരുന്നെന്ന് മനോജ് പറഞ്ഞു. പണത്തിനോടൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. സൗഹൃദമായിരുന്നു എന്നും പരിഗണന. നാട്ടില്‍ അസുഖ ബാധിതരായ ആളുകളെ പറ്റിയുള്ള വിവരം പറയുമ്പോള്‍തന്നെ സഹായിക്കാമെന്ന് ഉറപ്പു തരും. ഇങ്ങിനെ നിരവധി പേര്‍ക്ക് അത്താണിയായിട്ടുണ്ട്. സ്റ്റേജ് ഷോയില്‍ കിട്ടുന്ന പണം അങ്ങനെ തന്നെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ നിരവധി അനുഭവങ്ങളുണ്ട്. എല്ലാം കണ്ണടച്ച് തുറക്കുമ്പോഴേക്കും ഇല്ലാതായെന്ന കാര്യം ഓര്‍ക്കാന്‍ വയ്യെന്ന് മനോജ് കൂട്ടിച്ചേര്‍ത്തു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.