പാരമ്പര്യം കൈവിടാതെ ഖര്‍ഖാഊന്‍ ആഘോഷം

മനാമ: റമദാനിലെ തനത് ബഹ്റൈന്‍ ആഘോഷമായ  ഖര്‍ഖാഊനായി നാടൊരുങ്ങി. കുട്ടികളുടെ ആഘോഷമായും മുതിര്‍ന്നവരുടെ ഓര്‍മ്മയായും നിറയുന്ന ഖര്‍ഖാഊനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കാണ് സൂഖുകളില്‍. 
കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’ എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’ എന്നും യു.എ.ഇയില്‍ ‘ഖറന്‍ഖഉ’ എന്നപേരിലും അല്‍പസ്വല്‍പം വ്യത്യാസങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലുടനീളം ഈ പാരമ്പര്യ ആചാരം നിലനില്‍ക്കുന്നുണ്ട്. 
കുട്ടിക്കൂട്ടങ്ങള്‍ റമദാന്‍ 14, 15 ദിനങ്ങളിലെ സന്ധ്യയില്‍ വര്‍ണാഭമായ സഞ്ചികള്‍ തൂക്കി ദഫ് മുട്ടി പാട്ടുകളുടെ ഈരടിയോടെ ഓരോ വീടുകളും സന്ദര്‍ശിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ‘പാരമ്പര്യങ്ങളെ മറക്കരുതെ, നന്മകള്‍ നീണാള്‍ വാഴട്ടെ’യെന്ന പാട്ടുപാടിയാണ് ഓരോ സംഘവും മുന്നോട്ട് പോകുന്നത്. 
ഖര്‍ഖാഊന് വേണ്ടിയുള്ള പ്രത്യേക സഞ്ചിയും മിഠായികളും വസ്ത്രങ്ങളുമായി വിപണി സജീവമായി. ഇതിനായി വിവിധ സ്ഥാപനങ്ങളില്‍ പ്രത്യേക വിഭാഗം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല, വിവിധ തരം മിഠായികള്‍ എന്നിവ കൂട്ടിക്കലര്‍ത്തിയുള്ളതാണ് ഖര്‍ഖാഊന്‍ വിഭവം. വിവിധ തരം മിഠായികളുടെയും വില്‍പന തകൃതിയായി നടക്കുന്ന സമയമാണിത്. 
ബഹ്റൈനിലെ പല സൊസൈറ്റികളും സ്കൂളുകളും ഖര്‍ഖാഊന്‍ ആഘോഷം സംഘടിപ്പിക്കാറുണ്ട്. വിവിധ തരം പഴങ്ങളും ഈ ആഘോഷ വേളയില്‍ മറ്റുള്ളവര്‍ക്ക് കൈമാറാറുണ്ട്.‘ഗറാഷി’കള്‍ എന്നറിയപ്പെടുന്ന ഇറാനിയന്‍ കച്ചവടക്കാരും ഹല്‍വക്കടക്കാരുമാണ് ‘ഖര്‍ഖാഊന്‍’ ഉല്‍പന്നങ്ങള്‍ കൂടുതലും കച്ചവടം നടത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT