ഉച്ചസമയത്തെ പുറംജോലി നിരോധം  ഐ.സി.ആര്‍.എഫ് സെമിനാര്‍ ഇന്ന്

മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉച്ചസമയത്തെ പുറംജോലി നിരോധം സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായി ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ആരോഗ്യകരവും സുരക്ഷിതവുമായ വേനലിലേക്ക്’ എന്ന തലക്കെട്ടില്‍ ഇന്ന് സെഗയയിലെ ബഹ്റൈന്‍ കേരളീയ സമാജം ഹാളിലാണ് സെമിനാര്‍ നടക്കുക. വൈകീട്ട് ആറുമണിക്ക് ഇത് ആരംഭിക്കും.  തൊഴില്‍, സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. സെമിനാറില്‍ മന്ത്രാലയത്തിലെ സുരക്ഷാ എഞ്ചിനിയര്‍ അലി ഹംദി പുറം ജോലി നിരോധത്തെക്കുറിച്ചും ആരോഗ്യ മന്ത്രാലയത്തിലെ ആക്സിഡന്‍റ് ആന്‍റ് എമര്‍ജന്‍സി വിഭാഗത്തിലെ ഡോ.പി.വി.ചെറിയാന്‍ വേനല്‍ക്കാലരോഗങ്ങളെ ചെറുക്കുന്നതിനെ കുറിച്ചും പ്രസന്‍േറഷനുകള്‍ നടത്തും. ചെക്കപ്പുകള്‍ക്കായി മെഡിക്കല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘവുമുണ്ടാകും. വിവിധ ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. 
ഉച്ച സമയത്തെ തൊഴില്‍ നിരോധം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനിടയിലും ഫ്രീ വിസയിലുള്ളവരെയും മറ്റും വെച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുണ്ട്. നിയമം നടപ്പാക്കിയതു മുതല്‍ 19 ദിവസത്തെ വിവരമനുസരിച്ച് 38 നിയമലംഘനങ്ങളാണ് കണ്ടത്തെിയതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. നിര്‍ദേശവുമായി 99ശതമാനം സ്ഥാപനങ്ങളും സഹകരിക്കുന്നതായാണ് വിലയിരുത്തല്‍. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച 12 മുതല്‍ വൈകീട്ട് നാലുവരെയുള്ള സമയത്തെ പുറംജോലിക്കാണ് നിരോധം. നിയമ ലംഘന സംഭവങ്ങളില്‍ 67 തൊഴിലാളികളാണ് ഉള്‍പ്പെട്ടത്. മൊത്തം 3,831സൈറ്റുകളില്‍ പരിശോധന നടത്തി. 
നിരോധം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാനും നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍െറ സന്ദര്‍ശനം. 
മുന്നറിയിപ്പുകളില്ലാതെയാണ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയവരുടെ പേരുവിവരങ്ങള്‍ നടപടിക്കായി പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.