ഇറാന്‍െറ നിലപാടുകള്‍ മേഖലയില്‍ അശാന്തി വിതക്കുന്നു – ബഹ്​റൈൻ വിദേശകാര്യ മന്ത്രി

മനാമ: ഇറാന്‍െറ നടപടികളും നിലപാടുകളും മേഖലയില്‍ അശാന്തി വിതക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ നയതന്ത്ര കാര്യാലയവും ആക്രമിച്ച സംഭവം യോഗം ചര്‍ച്ച ചെയ്തു. 
സംഭവത്തെ അപലപിച്ച് പ്രമേയം പാസാക്കുകയും അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും പാലിക്കാന്‍ ഇറാന്‍ തയാറാകണമെന്ന് ഉണര്‍ത്തുകയും ചെയ്തു. 
അന്താരാഷ്ട്ര നയതന്ത്ര ബന്ധത്തെക്കുറിച്ച് 1961ല്‍ അംഗീകരിച്ച വിയന്ന കരാര്‍ പാലിക്കാനും ഇറാന്‍ സന്നദ്ധമാവണം. സൗദിക്കെതിരെ ഇറാന്‍ അധികൃതരില്‍ നിന്നുണ്ടായ പ്രതികരണവും അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഒരു രാജ്യത്തിന്‍െറ സുരക്ഷ മുന്‍നിര്‍ത്തി ആഭ്യന്തരമായി സ്വീകരിക്കുന്ന നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നത് ആ രാജ്യത്തിന് മേലുള്ള ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്. 
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ സൗദിക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലിനെയും സമ്മേളനം അപലപിച്ചു. 
ഇറാന്‍ വിപ്ളവ ഗാര്‍ഡുകളുടെയും ലബനാനിലെ ഹിസ്ബുല്ലയുടെയും സഹായത്തോടെ ബഹ്റൈനില്‍ ചിലര്‍ കുഴപ്പങ്ങളും അക്രമങ്ങളും അഴിച്ചു വിടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. മേഖലയില്‍ അശാന്തിയും കുഴപ്പങ്ങളും വിതക്കാനുള്ള ഇറാന്‍െറ ശ്രമങ്ങള്‍ അവസാനിപ്പിക്കാനും നല്ല അയല്‍ബന്ധം പുലര്‍ത്താനും തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.