മനാമ സൂഖും ബാബുല്‍ ബഹ്റൈനും  നവീകരിക്കും

മനാമ: ബഹ്റൈന്‍െറ പാരമ്പര്യവും പൈതൃകയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മനാമ സൂഖും ബാബുല്‍ ബഹ്റൈനും നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വ്യവസായ- വാണിജ്യ- ടൂറിസം മന്ത്രി സായിദ് അല്‍ സയാനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രത്യേകം താല്‍പര്യമെടുത്താണ് നവീകരണ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റിയാകും നവീകരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഓള്‍ഡ് സൂഖ് കമ്മിറ്റി പരിപാടിയുമായി സഹകരിക്കും. ബുധനാഴ്ച രാത്രി ബാബുല്‍ ബഹ്റൈനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ മനാമ ഗള്‍ഫ് ടൂറിസം 2016ന്‍െറ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. മുഖ്യാതിഥിയായി പങ്കെടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. ബാബുല്‍ ബഹ്റൈനെ പ്രഖ്യാപന വേദിയായി തെരഞ്ഞെടുത്തതിനെ കിരീടാവകാശി ശ്ളാഘിച്ചു. ബഹ്റൈന്‍െറ വ്യാപാര ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍െറ ചരിത്രവുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ ഏറെ ടൂറിസം പ്രാധാന്യം ബാബുല്‍ ബഹ്റൈനുണ്ട്. വ്യാപാരവും ടൂറിസം സാധ്യതകളും വര്‍ധിപ്പിക്കാന്‍ സൂഖിന്‍െറ നവീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ബഹ്റൈന്‍െറ സംസ്കാരവും പാരമ്പര്യവും വിശദമാക്കുന്ന ഡോക്യുമെന്‍ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ബഹ്റൈന്‍ പൊലീസ് ഗലാലി ബാന്‍ഡിന്‍െറ വിവിധ പരിപാടികളും കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.