ഇറാന്‍ രാജ്യത്ത് പ്രശ്നങ്ങള്‍  സൃഷ്ടിക്കുന്നു –ബഹ്റൈന്‍

മനാമ: ബഹ്റൈന്‍െറയും മറ്റ് ജി.സി.സി രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇറാന്‍ നടത്തുന്ന ഇടപെടലുകളാണ് ബന്ധം വിച്ഛേദിക്കാന്‍ കാരണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെഹ്റാനിലെ ബഹ്റൈന്‍ എംബസി അടച്ചുപൂട്ടും. ബഹ്റൈനിലുള്ള ഇറാന്‍ നയതന്ത്ര പ്രതിനിധികളോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മാനുഷിക മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും ധാര്‍മികതക്കും വിലകല്‍പിക്കാതെയാണ് ഇറാന്‍െറ ഇടപെടലെന്ന് ബഹ്റൈന്‍ കുറ്റപ്പെടുത്തി. നല്ല അയല്‍പക്ക ബന്ധം അവര്‍ കാത്തുസൂക്ഷിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെയും ഒ.ഐ.സിയുടെയും പെരുമാറ്റ സംഹിതകള്‍ പാലിക്കാതെ മേലഖയില്‍ പ്രകോപനവും പ്രശ്നങ്ങളുമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 
ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താന്‍ എല്ലാ സഹായവും നല്‍കിവരികയും ചെയ്യുന്നു. ഇതിലൂടെ അനേകം നിരപരാധികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. 
തെഹ്റാനിലെ സൗദി അറേബ്യയുടെ എംബസിയും മശ്ഹദിലെ കോണ്‍സുലേറ്റും ആക്രമിക്കുക വഴി എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഇറാന്‍ ലംഘിച്ചിരിക്കുകയാണ്. ഇറാന്‍െറ വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. മേഖലയില്‍ സുസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇറാനിലെ എല്ലാ ബഹ്റൈന്‍ നയതന്ത്ര പ്രതിനിധികളെയും തിരിച്ചുവിളിച്ചിട്ടുണ്ട്. 
മന്ത്രിസഭാ തീരുമാന പ്രകാരം ബഹ്റൈനിലെ ഇറാന്‍ എംബസി ഉപസ്ഥാനപതി മുര്‍തദ സനുബാരിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തെ ശൂറ കൗണ്‍സില്‍ സ്വാഗതം ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT