തൊഴില്‍ മന്ത്രി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി 

മനാമ: തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ദീര്‍ഘമായ ബന്ധം തുടരുന്നതില്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ കാണിക്കുന്ന താല്‍പര്യത്തിന് അംബാസഡര്‍ നന്ദി അറിയിച്ചു. മുംബൈയില്‍ നടന്ന ‘മെയ്ക് ഇന്‍ ഇന്ത്യ’ വാരാചരണത്തില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തത് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണെന്നത്, അദ്ദേഹം ഇന്ത്യയുമായുള്ള ബന്ധത്തിന് നല്‍കുന്ന പ്രാധാന്യം സൂചിപ്പിക്കുന്നതാണ്. പരിപാടിയിലെ ബഹ്റൈന്‍െറ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വിശാലമാക്കും. വ്യവസായ-തൊഴില്‍ രംഗത്തും ഇത് സഹായകമാകും. 
ബഹ്റൈന്‍ സര്‍ക്കാറും ജനങ്ങളും ഇന്ത്യയുമായുള്ള ബന്ധത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തൊഴില്‍, സാമൂഹിക സുരക്ഷിതത്വം തുടങ്ങി വിവിധ മേഖലകളില്‍ ഇത് പുരോഗമിക്കുകയാണ്. വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളില്‍ പുരോഗതി നേടിയ രാജ്യങ്ങളുമായി സഹകരിക്കുന്നതിന് ബഹ്റൈന് അതിയായ താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ രംഗങ്ങളിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് ബഹ്റൈന്‍െറ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.