ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിങ്കളാഴ്ച അമ്മാൻ വിമാനത്താവളത്തിൽ ജോർഡൻ സർക്കാർ നൽകിയ ഔദ്യോഗിക സ്വീകരണം
മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജോർഡനിലെത്തി. അമ്മാനിലെ വിമാനത്താവളത്തിൽ ജോർഡൻ പ്രധാനമന്ത്രി ജാഫർ ഹസൻ മോദിയെ സ്വീകരിച്ചു. ചൊവ്വാഴ്ച ജോർഡനിൽനിന്ന് ഇത്യോപ്യയിലേക്ക് തിരിക്കുന്ന മോദി, ബുധനാഴ്ച ഇത്യോപ്യയിൽനിന്ന് ഒമാനിലെത്തും. മൂന്നു രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ജോർഡൻ, ഇത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളുമായി പുരാതന സംസ്കാര ബന്ധങ്ങളോടൊപ്പം ആധുനിക കാലത്തെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ശക്തമായി ഇന്ത്യ നിലനിർത്തുന്നതായി തിങ്കളാഴ്ച ജോർഡനിലേക്ക് പുറപ്പെടുംമുമ്പ് ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ -ജോർഡൻ നയതന്ത്രബന്ധങ്ങളുടെ 75ാം വാർഷിക പശ്ചാത്തലത്തിലാണ് ജോർഡൻ സന്ദർശനം. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം ജോർഡൻ സന്ദർശിക്കുന്ന നരേന്ദ്രമോദി, ഇന്ത്യ-ജോർഡൻ ബന്ധങ്ങളുടെ സമഗ്ര അവലോകനവും മേഖലാതല സംഭവവികാസങ്ങളുമാണ് ചർച്ച ചെയ്യുക. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ചയും നടത്തും.
ചൊവ്വാഴ്ച ഇത്യോപ്യയിലേക്ക് തിരിക്കും. ഇത്യോപ്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രി അബി അഹ്മദ് അലിയുമായി വിശദമായ ചർച്ചകൾ നടത്തും. ആഫ്രിക്കൻ യൂനിയന്റെ ആസ്ഥാനമായ അഡിസ് അബാബയിൽ ഇന്ത്യൻ പ്രവാസികളെയും മോദി കാണും. ഇത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഗ്ലോബൽ സൗത്തിലെ പങ്കാളികളെന്ന നിലയിൽ സൗഹൃദവും സഹകരണവും വിപുലീകരിക്കാനുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സന്ദർശനം ഉറപ്പാക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ബുധനാഴ്ചയാണ് ഒമാനിലെത്തുക. വ്യാഴാഴ്ച വരെ മോദി ഒമാനിൽ തുടരും. ഒമാനിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം സന്ദർശനമാണിത്. ഇന്ത്യ-ഒമാൻ നയതന്ത്രബന്ധങ്ങളുടെ 70ാം വാർഷികത്തോടൊപ്പം നടക്കുന്ന ഈ സന്ദർശനം, 2023 ഡിസംബറിൽ ഒമാൻ സുൽത്താൻ ഇന്ത്യ സന്ദർശിച്ചതിന്റെ തുടർച്ച കൂടിയാണ്.
വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം സമഗ്രമായി അവലോകനം ചെയ്യുമെന്നും പ്രാദേശിക-ആഗോള വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“മസ്കത്തിൽ സുൽത്താനുമായി നടത്തുന്ന ചർച്ചകളിലൂടെ ഇന്ത്യയുടെ തന്ത്രപര പങ്കാളിത്തവും ശക്തമായ വാണിജ്യ-സാമ്പത്തിക ബന്ധവും കൂടുതൽ ദൃഢമാക്കാൻ താൻ കാത്തിരിക്കുന്നതായി പ്രധാനമന്ത്രി പ്രതികരിച്ചു. ഒമാന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുമെന്നും മോദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.