സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഫിഡന്‍റ് ഗ്രൂപ് ഉടമയുമായ സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ചർച്ചയായി. സി.ജെ. റോയിയുടെ മരണം സഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.‌ അടിയന്തര പ്രമേയത്തിനാണ് ഹൈബി നോട്ടീസ് നൽകിയിരിക്കുന്നത്.

സി.ജെ. റോയിയുടെ ഒറ്റപ്പെട്ട സംഭവമല്ല. കേന്ദ്ര സർക്കാർ ഏജൻസികളുടെ പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദം എന്നിവയെ തുടർന്ന് വ്യവസായികൾ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി.ജെ.പി ഭരണകാലത്ത് ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.

അതേസമയം, സി.ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് അയച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും സി ജെ റോയിയുടെ മരണം തീരാ കളങ്കമായി മാറിയെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു.

നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് സി ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തില്‍ ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡി.സി.പി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീര്‍ രാമചന്ദ്രന്‍, രവി കെ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബെംഗളൂരു പൊലീസും അന്വേഷണ സംഘത്തിലുണ്ട്.

സി ജെ റോയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും മറ്റും ബെംഗളൂരു പൊലീസ് പരിശോധിച്ചിട്ടുണ്ട്. റോയ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് കണ്ടെത്താന്‍ കുടുംബത്തിന്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം. ഇതിനിടെ സി ജെ റോയിയുടെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൗറിംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം.എന്‍ അരുണ്‍ പറഞ്ഞു.

Tags:    
News Summary - CJ. Roy's death in Parliament; Hybi Eden wants the House to be adjourned and discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.