നല്ലത് ഇരുനില

ചില ചെലവ്ചുരുക്കല്‍ മാര്‍ഗങ്ങള്‍

നല്ലത് ഇരുനില
ഭൂമി കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇരുനില വീടുവെക്കുന്നതാണ് നല്ലത്. ഒരു നിലയില്‍ 1,500 ചതുരശ്ര അടി വീടുവെക്കാന്‍ ചുരുങ്ങിയത് മൂന്നര സെന്‍റ് സ്ഥലം വേണമെങ്കില്‍ രണ്ടു നിലയിലാണെങ്കില്‍ രണ്ടു സെന്‍റ് മതി. ഇരുനില വീടിന് ഒരുനില വീടിനെക്കാള്‍ നിര്‍മാണ ചെലവും കുറയും. അടിത്തറ, ഫ്ളോറിങ് എന്നീ ഇനങ്ങളിലാണ് ഈ ലാഭം. അതേസമയം പണിക്കൂലി കൂടും. എങ്കിലും ആകെ ചെലവില്‍ 10 ശതമാനത്തോളം കുറവുണ്ടാകും. 
അതുമാത്രമല്ല നേട്ടം. പണ്ട് മിക്ക കുടുംബങ്ങളിലും അംഗങ്ങള്‍ക്കിടയില്‍ വീതിക്കാന്‍ സ്ഥലമുണ്ടായിരുന്നു. അങ്ങനെ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒരോരുത്തരും വീട്വെക്കുകയായിരുന്നു പതിവ്. ഗ്രാമങ്ങളില്‍ ഇപ്പോഴും ഈ രീതിതന്നെയാണ് മിക്കവരും തുടരുന്നത്.പക്ഷേ, വീതിക്കാന്‍ സ്ഥലമില്ലാത്ത നഗരപ്രദേശങ്ങളില്‍  പുതിയ രീതി നടപ്പായിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും താമസിക്കുന്ന വീടിനെ പലതായി ഭാഗിച്ച് ഓരോ കുടുംബത്തിനും നല്‍കുന്നു. ഇരുനില വീടാണെങ്കില്‍ കാര്യം എളുപ്പമായി. ഓരോ നില വീതിക്കാം. മുകളിലുള്ളവര്‍ക്ക് പുറത്തുകൂടെ ഒരു ഗോവണി സ്ഥാപിച്ചാല്‍ മതി. സുരക്ഷിതത്വം, ഒറ്റപ്പെടലില്ലായ്മ, പരസ്പര സഹകരണം തുടങ്ങിയ ഗുണങ്ങളുമുണ്ട്. മുകള്‍നില വാടകക്ക് കൊടുക്കുന്ന രീതിയും കൂടിവരുകയാണ്. ഉറച്ച വരുമാനമാര്‍ഗമാണിത്. 
വലിയ പ്ളോട്ടാണെങ്കില്‍ ഒരു വശത്തേക്ക് മാറി വീടെടുത്താല്‍ ബാക്കി സ്ഥലം ഭാവിയില്‍ മക്കള്‍ക്ക് വീടു പണിയാനോ വില്‍ക്കാനോ ഉപയോഗിക്കാം.
 
ലാഭത്തിന് സമചതുരം
വീട് സമചതുരത്തില്‍ നിര്‍മിക്കുന്നത് ചെലവ് കുറക്കാന്‍ സഹായിക്കും. വിസ്തീര്‍ണം തുല്യമാണെങ്കിലും സമചതുരത്തില്‍ ചുറ്റളവില്‍ വ്യത്യാസം വരും. ഉദാഹരണത്തിന് നാലു മീറ്റര്‍ സമചതുരത്തിലുള്ള ഒരു മുറിയുടെ ആകെ വിസ്തീര്‍ണം 16 ചതുരശ്ര മീറ്ററാണ്. എട്ടു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള മുറിയുടെ വിസ്തീര്‍ണവും 16 ചതുരശ്ര മീറ്ററാണ്. പക്ഷേ, ദീര്‍ഘചതുരത്തില്‍ ആകെ ചുറ്റളവ് 20 മീറ്ററും സമചതുരത്തില്‍ 16 മീറ്ററുമാണ്. അതായത്, ഒരേ വിസ്തീര്‍ണമാണെങ്കിലും സമചതുരമാകുമ്പോള്‍ കല്ല്, സിമന്‍റ്, മണല്‍, പെയിന്‍റ് തുടങ്ങിയ സാധനങ്ങളുടെ അളവിലും പണിക്കൂലിയിലും നല്ലതോതില്‍ ലാഭമുണ്ടാക്കാം.
 
വിപണിയിലേക്കിറങ്ങുക
നിര്‍മാണ സാമഗ്രികള്‍ വാങ്ങുമ്പോള്‍ അല്‍പം ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയാല്‍ പതിനായിരങ്ങള്‍ ലാഭിക്കാം. ജോലിക്കാര്‍ അല്ളെങ്കില്‍ കരാറുകാര്‍ പറയുന്നതിനസരിച്ച്, അവര്‍ പറയുന്ന സ്ഥലത്ത് നിന്ന് സാധനങ്ങള്‍ വാങ്ങും മുമ്പ് ഒന്നു വിപണിയിലിറങ്ങുക. ഒന്നിലേറെ ഇടങ്ങളില്‍ വിലയന്വേഷിക്കുക. കമ്പനി സാധനങ്ങള്‍ക്കുപോലും ചിലപ്പോള്‍ വിലവ്യത്യാസം കാണും.പേശാന്‍ തയ്യാറാണെങ്കില്‍ വില പിന്നെയും കുറയും. 
വിപണിയിലെ അന്വേഷണങ്ങള്‍ കൊണ്ടു മറ്റൊരു നേട്ടവും കൂടിയുണ്ട്. വൈവിധ്യവും പുതുമയുള്ള നിരവധി  ഉല്‍പന്നങ്ങള്‍ പരിചയപ്പെടാനാവും.  
പണിക്കാര്‍ക്ക് ചില പ്രത്യേക ബ്രാന്‍ഡുകളോട് താല്‍പര്യമുണ്ടാകും. അതിനുള്ള നേട്ടവും അവര്‍ക്ക് ലഭിക്കും. പക്ഷേ, അതിന് നമ്മള്‍ നിന്നുകൊടുക്കേണ്ടതില്ലല്ളോ. ഇലക്ട്രിക്, സാനിറ്ററി, പെയിന്‍റ് ഉല്‍പന്നങ്ങള്‍ക്കെല്ലാം നിര്‍മാതാക്കളും കടയുടമകളും നല്ലതോതില്‍ കമീഷന്‍ നല്‍കുന്നുണ്ട്. നേരിട്ട്പോയി ചോദിച്ചാല്‍ നമുക്ക് ലഭിക്കും. പരിചയമുള്ള കടകളില്‍ നിന്ന് വാങ്ങിയാല്‍ ചില ഇളവുകള്‍ പ്രതീക്ഷിക്കാം.
 
ഇന്‍ക്രിമെന്‍റല്‍ ഹൗസിങ്
അനുദിനം ഉയരുന്ന നിര്‍മാണ ചെലവിനെ മെരുക്കാനും പലവിധ തന്ത്രങ്ങള്‍ ഈ രംഗത്തെ വിദഗ്ധര്‍ പയറ്റിനോക്കുന്നുണ്ട്. അതില്‍ ശ്രദ്ധപിടിച്ചുപറ്റിയ രീതിയാണ് ‘ഇന്‍ക്രിമെന്‍റല്‍ ഹൗസിങ്’. ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. ഏറ്റവും ആവശ്യമുള്ളത് എന്തെന്ന് കണ്ടത്തെി അത് മാത്രമാണ് ആദ്യ ഘട്ടത്തില്‍ പണിയുന്നത്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള വീട്ടില്‍ കൂടുതല്‍ മുറികള്‍ പണിതിടേണ്ടതില്ലല്ളോ. നുള്ളിപ്പെറുക്കി സമ്പാദിച്ചുകൂട്ടുന്നവര്‍ക്കാണ് ഈ രീതി ഏറ്റവും ഗുണകരം.
ഉറങ്ങാനും ഭക്ഷണം പാചകം ചെയ്യാനും ഉണ്ണാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമാണ് വീട്ടില്‍ ഏറ്റവും അത്യാവശ്യമായി സ്ഥലമൊരുക്കേണ്ടത്. ഏകദേശം രണ്ടുലക്ഷം രൂപയുണ്ടെങ്കില്‍ 350 ചതുരശ്ര അടിയില്‍ ഇതിനാവശ്യമായ മുറികള്‍ ഒരുക്കാം. ഉണ്ണാനുള്ള ഹാളിന്‍െറ ഒരുഭാഗം അതിഥികളെ സ്വീകരിക്കാനും ഉപയോഗിക്കാം.
ഒരു കുഞ്ഞുണ്ടായി അവന്‍ / അവള്‍ ഒറ്റക്ക് കിടക്കാറാകുമ്പോള്‍ അടുത്തമുറി പണിയാം. അല്‍പം വലിപ്പത്തില്‍ പണിതാലും 500 ചതുരശ്ര അടിയില്‍ നിറുത്താം. അടുത്തഘട്ടം ടെറസിലേക്ക് മാറ്റാം. കിടപ്പുമുറിക്കും ഹാളിനും ടോയ്ലറ്റിനുമുള്ള സ്ഥലം അവിടെയുണ്ടാവും.
ഭാവി വികസനം കൂടി കണ്ട് വേണം ആദ്യഘട്ടം തയാറാക്കാന്‍. മുകള്‍നില പണിയുന്നുണ്ടെങ്കില്‍ ഗോവണിക്ക് സ്ഥലം നേരത്തേ കണ്ടുവെക്കണം. ഗോവണിക്ക് താഴെ ടോയ്ലറ്റ് നിര്‍മിക്കാനായാല്‍ സ്ഥലം വെറുതെയാവില്ല. ചില ചുവരുകളും മറ്റും പൊളിച്ചുവേണം അടുത്തഘട്ടം പണിയാന്‍. അപ്പോള്‍ വീടിന്‍െറ ഭംഗി പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദഗ്ധനും ഭാവനാശാലിയുമായ ആര്‍ക്കിടെക്ടിന് ഇത് എളുപ്പം സാധിക്കും. പ്ളാന്‍ തയാറാക്കുമ്പോള്‍തന്നെ ഭാവിയില്‍ എന്തൊക്കെ ചെയ്യാമെന്നും കൂടി സൂചിപ്പിച്ചിരിക്കണം. ഇത്തരത്തില്‍ പ്ളാന്‍ തയാറാക്കാന്‍ അല്‍പം പണം കൂടുതലായാലും കുഴപ്പമില്ല. ഭാവിയില്‍ മുതലാക്കാനാവും.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.