ശ്രേയാംസ് കുമാർ
പാർട്ടിയിലെ അനൈക്യം; രാജി ഭീഷണി മുഴക്കി ശ്രേയാംസ് കുമാർ
കോഴിക്കോട്: പാർട്ടിയിലെ അനൈക്യത്തെച്ചൊല്ലി രാജി ഭീഷണി മുഴക്കി ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗ്രൂപ്പിസം അതിരുവിടുന്നുവെന്ന് പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റം സംബന്ധിച്ച ആവശ്യവും യോഗത്തിലുയർന്നുവെങ്കിലും ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അവഗണന നേരിട്ടുവെന്ന പരാതികളുടെയും നിയസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾ മുന്നണിയിൽ ആരംഭിക്കാൻ പോകുന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു യോഗം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലാണ് ആർ.ജെ.ഡി മത്സരിച്ചത്. ഒരിടത്ത് വിജയിച്ചു. എല്ലാ ഘടകകക്ഷികളെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ ആർ.ജെ.ഡിയെ മാത്രം ഒഴിവാക്കി. ദൾ വിഭാഗങ്ങളിൽ കൂടുതൽ ജനപിന്തുണയുള്ള പാർട്ടിയായിട്ടും യു.ഡി.എഫ് വിട്ടുവന്ന തങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് അന്നേ പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു.
ജനതാദൾ (എസ്) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലിടത്താണ് മത്സരിച്ചത്. അവർക്ക് മന്ത്രിസ്ഥാനവും ലഭിച്ചു. ഈ പരാതികൾക്കും പരിഭവങ്ങൾക്കുമിടയിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ മുന്നണിയിലെ പ്രധാന പാർട്ടിയായ സി.പി.എം ഉൾപ്പെടെ ശ്രമിച്ചു എന്ന് ആക്ഷേപവും ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്നണി മാറ്റം സംബന്ധിച്ച ആവശ്യം ഉയർന്നത്. എന്നാൽ, പാർട്ടിക്ക് സ്വാധീനമുള്ള ജില്ലകളിൽനിന്ന് ഇതിനോട് അനുകൂലമായ അഭിപ്രായമുയർന്നില്ല.
അനൈക്യം പാർട്ടിക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചപ്പോൾ യോഗം തള്ളിക്കളഞ്ഞു. കൂടുതൽ നിയമസഭ സീറ്റുകൾക്കായി മുന്നണിയിൽ ശക്തമായി ആവശ്യപ്പെടണമെന്ന് യോഗം തീരുമാനിച്ചു. മൂന്ന് സീറ്റുകളെങ്കിലും അധികമായി ചോദിക്കാനാണ് തീരുമാനം. സീറ്റ് വിഭജന ചർച്ച പൂർത്തിയായതിനുശേഷം സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കും.
ആര്‍.ജെ.ഡി എല്‍.ഡി.എഫില്‍ തുടരും -എം.വി. ശ്രേയാംസ്കുമാര്‍
‘ഇനി മത്സരിക്കാനില്ല’
അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിലും ആര്‍.ജെ.ഡി എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍. മുന്നണി വിടണമെന്ന് പാർട്ടിയിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് ശ്രേയാംസ്കുമാർ വാർത്തസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അധികാരത്തിലെത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നത് ഭൂഷണമല്ല. ഇത്തവണ തന്നോട് വടകരയില്‍ മത്സരിക്കുമോയെന്ന് മുന്നണി അന്വേഷിച്ചിരുന്നു. എന്നാല്‍, ഇനി രാഷ്ട്രീയത്തിലുണ്ടാകുമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് തീരുമാനം. രാജ്യസഭ സീറ്റ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തില്‍നിന്ന് ശ്രേയാംസ്കുമാര്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്റെ വീട്ടില്‍ വന്നത് വിവാദമാക്കേണ്ട കാര്യമില്ല. സൗഹൃദ സന്ദര്‍ശനമായിരുന്നു അത്. മുന്നണിയില്‍ നാലാം സ്ഥാനക്കാരായ ആര്‍.ജെ.ഡിയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണെന്ന് പാർട്ടി സെക്രട്ടറി ജനറൽ വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
കഴിഞ്ഞ തവണത്തെ പോരായ്മ പരിഹരിച്ച് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റ് നൽകാമെന്ന് നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കണം. തങ്ങളും സി.പി.എമ്മും മാത്രം വിചാരിച്ചാല്‍ ജയിക്കുന്ന സീറ്റുകള്‍ കേരളത്തിലുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.