സനയ് തകേയ്ച്ചി
ടോക്യോ: ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനയ് തകേയ്ച്ചിയുടെ ഭരണകക്ഷിക്ക് തകർപ്പൻ വിജയം. പാർലമെന്റിന്റെ അധോസഭയിൽ തകേയ്ച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (എൽ.ഡി.പി) സഖ്യകക്ഷികളും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. ആകെയുള്ള 465 സീറ്റുകളിൽ 316 എണ്ണമാണ് എൽ.ഡി.പി സ്വന്തമാക്കിയത്. 233 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 1947ൽ പാർലമെന്ററി സംവിധാനം നിലവിൽ വന്ന ശേഷം ഒരു പാർട്ടി ഇത്രയും ഭൂരിപക്ഷം നേടുന്നത് ആദ്യമാണ്. എൽ.ഡി.പിയുടെ സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടി 36 മണ്ഡലങ്ങളിൽ ജയിച്ചു. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 352 ആയി.
2025 ഒക്ടോബറിൽ ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി ചുമതലയേറ്റ തകേയ്ച്ചി പാർലമെന്റ് പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വൻ നികുതിയിളവുകളും സാമ്പത്തിക സുരക്ഷ കാര്യങ്ങളിൽ നയം മാറ്റവും പ്രഖ്യാപിച്ചാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാലുമാസം മുമ്പ് രൂപവത്കരിച്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കില്ലെന്ന് തകേയ്ച്ചി പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച ജാപ്പനീസ് ഓഹരികൾ റെക്കോഡ് ഉയരത്തിലെത്തി.
ടോക്യോ: 2025 ഒക്ടോബറിലാണ് ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനയ് തകേയ്ച്ചി ചുമതലയേറ്റത്. നാലുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലൂടെ അവർ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നതും ചരിത്ര വിജയം സ്വന്തമാക്കിയാണ്.
പതിറ്റാണ്ടുകളായി ജപ്പാനെ ഭരിച്ച പ്രായമായ പുരുഷന്മാരുടെ നീണ്ട നിരയിൽനിന്ന് വ്യത്യസ്തമായാണ് തകേയ്ച്ചി ഭരണ തലപ്പത്തെത്തിയത്. പുതുതലമുറയിലെ ചെറുപ്പക്കാർ നൽകുന്ന പിന്തുണയിലാണ് അവരുടെ വിജയം. സനയ് തകേയ്ച്ചിയെ അവർ സ്നേഹപൂർവം ‘സന’ എന്ന് വിളിക്കുന്നു. ജനങ്ങളുമായുള്ള നിരന്തര ആശയവിനിമയ ശൈലിയാണ് അവരുടെ സ്വീകാര്യതക്ക് കാരണം. സമൂഹമാധ്യമത്തിൽ സജീവമായ അവർ രാഷ്ട്രീയ നിലപാടുകളും ദൈനംദിന ജീവിതത്തിലെ വിവരങ്ങളും കാഴ്ചക്കാരുമായി പങ്കുവെക്കുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനൊപ്പം അവർ ഡ്രംസ് വായിക്കുന്ന വിഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഈ വിഡിയോ വൈറലായതോടെ യുവാക്കൾക്കിടയിൽ അവർ തരംഗമായി. 64കാരിയായ തകേയ്ച്ചിയുടെ വസ്ത്രധാരണവും സംസാരശൈലിയും വരെ യുവാക്കൾക്കിടയിൽ ട്രെൻഡായിരുന്നു.
തകേയ്ച്ചിയുടെ വിജയത്തെ പുതുയുഗപ്പിറവി എന്നാണ് പല ലോകനേതാക്കളും വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അവരെ അഭിനന്ദിച്ചു. ഇന്ത്യ- ജപ്പാൻ സഹകരണം പുതിയ ഉയരങ്ങളിലെത്തുമെന്നും ഏഷ്യയിലെ സമാധാനത്തിന് ഈ ബന്ധം അനിവാര്യമാണെന്നും മോദി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.