ഇഡ്ഡലിയും സാമ്പാറും ഇഷ്ടപ്പെടുന്ന കമല ഹാരിസ്

ലോകം ഉറ്റുനോക്കുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്ത ഒരു വനിതയുടെ ഇഷ്ട വിഭവമാണ് ഇഡ്ഡലിയും സാമ്പാറും. അക്കാര്യം പറയാൻ അവർ മടി കാണിച്ചതുമില്ല. കാരണം തന്‍റെ പ്രിയപ്പെട്ട മാതാവിന്‍റെ ജന്മനാട്ടിലെ വിഭവം കൂടിയാണിത്.

തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവത്തെ കുറിച്ച് മനസ് തുറന്നത് അമേരിക്കൻ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ആണ്. തെക്കേന്ത്യൻ വിഭവത്തിൽ ഇഡ്ഡലിയും നല്ല സാമ്പറും വടക്കേന്ത്യൻ വിഭവത്തിൽ എല്ലാതരം ടിക്കയും കമല ഇഷ്ടപ്പെടുന്നു.

ഒരഭിമുഖത്തിലാണ് ഈ 56കാരി മനസ് തുറന്നത്. അമ്മ ശ്യാമള എപ്പോഴും നല്ല ഇഡ്ഡലിയോടുള്ള സ്നേഹം തന്നിൽ പകർത്താൻ ആഗ്രഹിച്ചതിനെ കുറിച്ചും കമല വിവരിച്ചു.

കമല മാതാവ് ശ്യാമളക്കൊപ്പം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഉത്തരവാദികളായ വീരന്മാരെ കുറിച്ച് മുത്തച്ഛൻ പറഞ്ഞു തന്നത് തന്‍റെ മദ്രാസ് ജീവിതത്തിലെ ഒാർമകളായി അവർ വിവരിക്കുന്നു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത കമല, അഭിമാനകരമായ ഇന്ത്യൻ പൈതൃകത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

1964 ഒക്ടോബർ 20ന് കാലിഫോണിയയിലെ ഒാക്ലൻഡിലാണ് കമലയുടെ ജനനം. പിതാവ് ജെൈമക്കൻ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്. തമിഴ്നാട് സ്വദേശിയായ മാതാവ് ശ്യാമള ഗോപാലനും ജമൈക്കൻ പൗരനും സാമ്പത്തിക വിദഗ്ധനുമായ ഡോണൾഡ് ജെ ഹാരിസും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ആ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ കറുത്ത വർഗകാരിയുമാകും കമല ഹാരിസ്.



ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമല ഹാരിസിനെതിരെ വംശീയ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടക്കം നടത്തുകയാണ് ഡോണൾഡ് ട്രംപ് ചെയ്തത്. ജോ ബൈഡനെക്കാൾ കമല ഹാരിസ് ഒരുപടി മോശമാണ്. അവൾ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ, തനിക്ക് അവരെക്കാൾ കൂടുതൽ ഇന്ത്യൻ പിന്തുണയുണ്ടെന്നായിരുന്നു ട്രംപിന്‍റെ ആക്ഷേപം.

കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടതുപക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്ത്രീയാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ചൈനയുമായി ഇവർക്ക് ഇടപാടുകളുണ്ടെന്നും ആരോപിച്ചു.

ജനങ്ങൾക്ക് ആർക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്‍റാകാൻ അവർക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണെന്നും ഒരിക്കൽ ട്രംപ് പറഞ്ഞു. ട്രംപിന്‍റെ വംശീയ, സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.