ഇഫ്‌താറിന്‌ കുഴിയപ്പ ചട്ടിയിൽ ചുട്ടെടുക്കുന്ന ഇറച്ചി കുഴിയപ്പം

റമദാന് എന്തെങ്കിലുമൊക്കെ പരീക്ഷണം നടത്തൽ വീട്ടമ്മമാർക്ക് ഒരു ഹരമാണ്. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ സ്നാക്സാണ് ചിക്കൻ കുഴിയപ്പം. പൊതുവെ മധുരമുള്ള കുഴിയപ്പമാണ് നമ്മൾ സാധാരണ ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു കുഴിയപ്പം ആണിത്. ചിക്കന് പകരം ബീഫിലും മട്ടനിലും ചെമ്മീനിലുമൊക്കെ നമുക്കിത് പരീക്ഷിക്കാം. മുട്ടയും മൈദയും മസാലപ്പൊടിയും മാംസവുമൊക്കെ ആണ് ഇതിന്‍റെ പ്രധാന ചേരുവകൾ. ഇതിന്‍റെ ഉൾഭാഗം നല്ല മൃദുലവും പുറം നല്ല ക്രിസ്പിയും ആണ്.

ചേരുവകൾ:

  • ചിക്കൻ എല്ലില്ലാത്തത്-200 ഗ്രാം
  • ഉള്ളി -2 എണ്ണം (കൊത്തി അരിഞ്ഞത്)
  • പച്ചമുളക് -2 എണ്ണം
  • മല്ലിയിൽ അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • കറി വേപ്പില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • ഓയിൽ - പൊരിക്കാൻ ആവശ്യമായത്
  • കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
  • ഈഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • മഞ്ഞൾ പൊടി - ഒരു നുള്ള്
  • ഗരം മസാല പൊടി - 1ടീസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്
  • മൈദാ-1 കപ്പ്
  • റവ-2 ടേബിൾ സ്പൂൺ
  • മുട്ട -2 എണ്ണം
  • ഉലുവ -1/4 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

ആദ്യമായി ചിക്കനിലേക്ക് ഉലുവയും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ഇട്ട് വേവിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്​ ഉള്ളി വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുത്തു പച്ചമുളക് അരിഞ്ഞതും ഇട്ട് വീണ്ടും വഴറ്റി എടുക്കുക. കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഗരം മസാല പൊടിയും ഇട്ടു വഴറ്റിയതിലേക്ക് വേവിച്ചു വെച്ച ചിക്കൻ ചെറുതായി അരിഞ്ഞതും മല്ലിയില, വേപ്പില അരിഞ്ഞതും ഇട്ടു യോജിപ്പിച്ചാൽ മസാല റെഡി.

മാവ് തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് മുട്ടയും മൈദയും റവയും ചിക്കൻ വേവിച്ച സ്‌റ്റോക്കും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഒരു നുള്ള് ബേക്കിങ്​ സോഡയും ഇട്ട്​ അതിലേക്ക് തയ്യാറാക്കിയ മസാലക്കൂട്ടും ചേർത്ത്​ ഇളക്കി എടുക്കാം.

ഉണ്ണിയപ്പം മാവിന്‍റെ അതെ പരുവമാകണം. മാവ് ലൂസ് ആയിപ്പോയാൽ ശരിയാവില്ല. ഉണ്ണിയപ്പ ചട്ടി ചൂടാക്കാൻ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് ചൂടായി വരുമ്പോൾ ഉണ്ണിയപ്പം ചുട്ടെടുക്കുന്ന പോലെ ഓരോ കുഴിയിലേക്കും കുറച്ചു കുറച്ചായി മാവൊഴിച്ചു കൊടുത്തു തിരിച്ചിട്ട്‌ കൊടുത്ത്‌ രണ്ടു പുറവും വേവിച്ചാൽ ഇറച്ചി കുഴിയപ്പം റെഡി.

Tags:    
News Summary - irachi kuzhiyappam Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT