കപ്പ് കേക്ക്

അളവ് കപ്പും ബട്ടറും ഇല്ലാത്ത കപ്പ് കേക്ക്

കപ്പ്കേക്ക് എല്ലാവർക്കും ഇഷ്​ടമാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അവർ ആവശ്യപ്പെടുമ്പോഴെല്ലാം നമ്മൾ ബേക്കറികളിൽ നിന്ന് വാങ്ങി കൊടുക്കാറാണ് പതിവ്. ഇനി കപ്പ്കേക്ക് വീട്ടിൽ ഉണ്ടാക്കാമെന്ന് വെച്ചാലോ? അളവ് പാത്രങ്ങൾ വേണം, ബട്ടർ വേണം..അങ്ങനെ അങ്ങനെ ആകെ മൊത്തം ടെൻഷൻ. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമുക്ക് നമ്മളുടെ വീടുകളിൽ വെച്ച് വളരെ പെട്ടെന്ന് രുചികരമായ കപ്പ്കേക്ക് തയ്യാറാക്കാം.

മനസിന് സംതൃപ്​തിയോടെ മക്കൾക്ക് കൊടുക്കുകയും ആവാം. വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഈ കപ്പ് കേക്ക് തയ്യാറാക്കാൻ. കപ്പ്‌കേക്ക് നമുക്ക് പല ഫ്ലേവറുകളിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും. ഇതൊരു ബേസിക് കപ്പ് കേക്ക് റെസിപ്പി ആണ്. ഇതിൽ നമുക്ക് ഓറഞ്ച്, സ്ട്രോബെറി, ചോക്ലേറ്റ് അങ്ങനെ ഏതു ഫ്ലേവറിലും നമുക്കിഷ്​ടമുള്ള രീതിയിൽ ഉണ്ടാക്കാം. നല്ല മൃദുവായിട്ടുള്ളതും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ ഒരു കപ്പ്കേക്ക് കൂടിയാണിത്.

ചേരുവകൾ:

  • മൈദ -1 ഗ്ലാസ്
  • പൊടിച്ച പഞ്ചസാര -3/4 ഗ്ലാസ്സ്‌
  • ഓയിൽ -1/2 ഗ്ലാസ്
  • പാൽ -1/4 ഗ്ലാസ്
  • മുട്ട -3 എണ്ണം
  • ബേക്കിംഗ് പൌഡർ -1 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ -ഒരു നുള്ള്
  • ഉപ്പ് -ഒരു നുള്ള്
  • വാനില എസ്സെൻസ് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു ബീറ്ററോ ഹാൻഡ് ബീറ്ററൊ എടുത്ത് മുട്ട മൂന്നും നന്നായി ബീറ്റ് ചെയ്തെടുക്കുക.ശേഷം അതിലേക് പൊടിച്ച പഞ്ചസാര ഇട്ട് നന്നായി വീണ്ടും ബീറ്റ്‌ ചെയ്​തു പതപ്പിച്ചെടുക്കുക. മൈദാ പൊടിയും, ഉപ്പും, ബേക്കിങ്‌ പൗഡറും, ബേക്കിംഗ് സോഡയും രണ്ടോ മൂന്നോ തവണ അരിപ്പയിൽ അരിച്ചെടുക്കുക. ഈ മിശ്രിതം നേരത്തെ പതപ്പിച്ചെടുത്ത മുട്ട പഞ്ചസാര മിശ്രിതത്തിലേക് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക, ഇടയ്ക്കിടെ ഓയിലും ഒഴിച്ച് കൊടുത്തു ഒരു തവി കൊണ്ട് യോജിപ്പിച്ചെടുക്കുക.

അതിലേക്ക്‌ വാനില എസ്സെൻസ് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക് പാൽ ചേർത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. കപ്പ് കേക്കിന്‍റെ കൂട്ട്‌ റെഡി. ഓവൻ പ്രീ ഹീറ്റ്‌ ചെയ്​തു വെക്കുക. കപ്പ് കേക്കിന്‍റെ മോൾഡിലേക് കുറച്ചുകുറച്ചായി മാവ് ഒഴിച്ച് കൊടുത്തു 180 -220 ഡിഗ്രിയിൽ 20 മിനിറ്റ്‌ ബേക് ചെയ്തെടുത്താൽ നമ്മുടെ പെർഫെക്റ്റ്‌ കപ്പ് കേക്ക് റെഡി.

Tags:    
News Summary - How to make Cupcakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT