25 വിഭവങ്ങൾ, 13 ലക്ഷം രൂപ, ആകാശയാത്ര -ഏറ്റവും വിലയേറിയ ഇഫ്​താറിന്‍റെ വിശേഷങ്ങൾ കാണാം

ദുബൈ: ബുർജ്​ ഖലീഫയും മിറാക്ക്​ൾ ഗാർഡനുമൊക്കെയടക്കം നിരവധി വിസ്​മയങ്ങൾ ലോകത്തിന്​ സമ്മാനിച്ച ദുബൈ ഇപ്പോൾ ഏറ്റവും വിലയേറിയ ഇഫ്​താറും ഒരുക്കി ഹിറ്റ്​ ചാർട്ടിൽ ഇടംപിടിച്ചിരിക്കുകയാണ്​. സ്വകാര്യ​ വ്യോമയാന രംഗത്തെ ആഗോള ​പ്രമുഖരായ ജെറ്റെക്​സ്​ ആണ്​ 'ആകാശത്തിലെ ഇഫ്​താർ' ഒരുക്കിയിരിക്കുന്നത്​.



സ്വകാര്യ ജെറ്റിൽ യു.എ.ഇക്ക്​ മുകളിലൂടെ പറന്ന്​ ആകാശക്കാഴ്ചകൾ കണ്ട്​ നോമ്പ്​ തുറക്കാനുള്ള അവസരമാണ് ലഭിക്കുക. അതുകൊണ്ട്​ തന്നെ വിലകൂടുമെന്ന്​ മാത്രം. ആറുപേർ അടങ്ങുന്ന സംഘത്തിന്​ ഒരു ഇഫ്​താർ യാത്രക്ക്​ 66,000 ദിർഹം (ഏകദേശം ​13,47,964 രൂപ) ആണ്​ ചെലവ്​. 25 വിഭവങ്ങൾ അടങ്ങുന്ന ഇഫ്​താർ വിരുന്നാണ്​ ഇവർ ഒരുക്കിയിരിക്കുന്നത്​.

യാത്ര ബുക്ക്​ ചെയ്​തവർ ദുബൈ വേൾഡ്​ സെൻട്രലിലെ ജെറ്റെക്​സ്​ വി.ഐ.പി ടെർമിനലിൽ ആണ്​ എത്തേണ്ടത്​. അവിടെ നിന്ന്​ വേഗം സുരക്ഷാ പരിശോധനകളും മറ്റും പൂർത്തിയാക്കി റോൾസ്​ റോയ്​സ്​ കാറിലാണ്​ വിമാനത്തിലേക്ക്​ കൊണ്ടുപോകുക. ഒന്നര മണിക്കൂർ വിമാനയാത്രയാണ്​ ഉണ്ടാകുക. ആദ്യം അബൂദബിയിലേക്ക്​​ പറക്കും. പിന്നെ അൽഐനും ഹജ്​ജർ, ജെയ്​സ്​, ഹത്ത മലനിരകൾ കണ്ടാണ്​ പറക്കൽ.

ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്​മാൻ, ഷാർജ എന്നിവിടങ്ങൾ പിന്നിട്ട്​ ദുബൈയിൽ തിരികെയെത്തും. ബുർജ്​ ഖലീഫ്​, പാം ജുമൈറ, ബുർജുൽ അറബ്​, വേൾഡ്​ ഐലൻഡ്​ എന്നിവയൊക്കെ കണ്ട ശേഷം തിരികെ ജെറ്റെക്​സിന്‍റെ വി.ഐ.പി ടെർമിനലിലെത്തിക്കുമെന്ന്​ ജെറ്റെക്​സ്​ സ്​ഥാപകനും ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസറുമായ ആദിൽ മർദിനി പറഞ്ഞു. വരുമാനത്തിന്‍റെ പത്ത്​ ശതമാനം ദുബൈ കെയേഴ്​സിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ദുബൈയിലെ ബുൾഗറി ഹോട്ടൽസ്​ ആന്‍റ്​ റിസോർട്​സുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം പരിഗണിച്ച്​ ഭൂമിയിലുള്ളവർ നോമ്പ്​ തുറന്ന്​ നാല്​ മിനിറ്റ്​ കഴിഞ്ഞാണ്​ വിമാനത്തിനുള്ളിലെ നോമ്പുതുറ. പൂർണമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ആകാശത്തിലെ ഇഫ്​താർ സംഘടിപ്പിക്കുന്നതെന്ന്​ ജെറ്റെക്​സ്​ അധികൃതർ വ്യക്​തമാക്കി. ഓരോ യാത്രക്കും മുമ്പും ശേഷവും വിമാനം പൂർണമായും അണുനശീകരണം നടത്തും. സാമൂഹിക അകലം പാലിച്ചാണ്​ അതിഥികളെ വിമാനത്തിനുള്ളിൽ ഇരുത്തുക. യു.എ.ഇ നിവാസികൾക്കും സന്ദർശകർക്കും ഇതിൽ പ​​ങ്കെടുക്കാം. യാത്രക്ക്​ മുമ്പ്​ പി.സി.ആർ ടെസ്റ്റ്​ നടത്തേണ്ടതുമില്ല.  

Tags:    
News Summary - Iftar in the sky is Dubai's new attraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT