ഊ​ര​ത്തൂ​രി​ലെ ദാ​സ​ന്റെ ചാ​യ​ക്ക​ട ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ കൈ​യ​ട​ക്കി പെ​യി​ന്റ​ടി​ച്ച​പ്പോ​ൾ

ആരാധകരേ ശാന്തരാകുവിൻ; ഇത് ദാസന്റെ ചായക്കടയാണ്

ശ്രീകണ്ഠപുരം: ഫുട്ബാൾ ആവേശം അതിരുകടന്നാൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും. മറക്കാനയിലും ബ്യൂണസ് ഐറിസിലും പോലും കാണാനാവാത്ത ഫുട്ബാൾ ആവേശവും വാശിയുമാണ് ഊരത്തൂരിന്റെ മണ്ണിലുള്ളത്. കാൽപന്തിന്റെ കളിയാവേശം മൂത്ത ആരാധകർ ഇവിടെ റോഡും വഴികളും ആകാശവും കൈയടക്കിയതിനു പിന്നാലെ ചായക്കട മൊത്തമായും കൈയേറുകയായിരുന്നു.

ഊരത്തൂർ ഗ്രാമത്തിലെ ടി.കെ. ദാസന്റെ ചായക്കടയാണ് ടീമുകൾ സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച അർജന്റീനയുടെ ആരാധകർ ചായക്കടയുടെ ഒരു ഭാഗം മാത്രം പെയിന്റടിച്ച് ആവേശം കാട്ടിയപ്പോൾ അതേ ആവേശവുമായെത്തിയ കാനറിപ്പടയുടെ ആരാധകർ ബാക്കി ചുവരെല്ലാം സ്വന്തമാക്കുകയായിരുന്നു. കളിയാവേശത്തിൽ മഞ്ഞപ്പടയുടെ ഭാഗമാണെങ്കിലും ഇരുടീമുകളുടെയും ആരാധകരുടെ പോരാട്ട വീര്യത്തിന് ദാസൻ സമ്മതം മൂളുകയായിരുന്നു.

30 വർഷത്തിലേറെയായി ചായക്കടയും അനാദിക്കച്ചവടവും നടത്തുന്നുണ്ടെങ്കിലും കട കൈയേറിയ ഫുട്ബാൾ ആവേശം ഇതാദ്യമായാണെന്ന് ദാസൻ പറയുന്നു. ചായക്കട പ്രവർത്തിക്കുന്ന പഴയ ഇരുനിലക്കെട്ടിടമാകെ ഇരു ടീമുകളുടെയും നിറങ്ങളിൽ നീരാടിയിരിക്കുന്ന കാഴ്ച വേറിട്ടതാവുകയും ചെയ്തു.

അറബി നാട്ടിൽ കാൽപന്തുരുളാൻ ഒമ്പതുദിനം അവശേഷിക്കെ ഇവിടെ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലുള്ള 'അടിയും തിരിച്ചടിയും' വാശിയോടെ തുടരുകയാണ്. ആരാധക പോരാട്ടത്തിൽ അർജന്റീന ഫാൻസാണ് ഊരത്തൂർ റോഡിന് കുറുകെ തോരണങ്ങളും കൊടികളും കെട്ടി ആദ്യ 'ഗോളടി'ച്ചത്.

തൊട്ടടുത്ത ദിവസംതന്നെ ബ്രസീൽ ആരാധകരും തോരണങ്ങളും പതാകകളും കെട്ടി 'സമനില' നേടി. രണ്ടുദിവസത്തിനുശേഷം 20 അടി നീളവും 10 അടി വീതിയുമുള്ള കൂറ്റൻ ഫ്ലക്സ് കെട്ടി ബ്രസീൽ ആരാധകർ 'ലീഡ് നേടി'. പിന്നാലെ 25 അടി നീളവും 10 അടി വീതിയുമുള്ള ഫ്ലക്സ് ഇറക്കിയാണ് അർജൻറീന ഫാൻസ് 'മറുപടി ഗോൾ' നൽകിയത്.

ഊരത്തൂർ ആലത്തുപറമ്പ് പ്രതിഭ ക്ലബ് പരിസരത്തെ ചുവരിൽ, ആരാധകൻ കൂടിയായ ചിത്രകാരൻ അമൽ വരച്ച മെസ്സിയുടെ ചിത്രം കൂടി വന്നതോടെ എതിരാളികളുടെ നെഞ്ചിടിപ്പ് കൂടി. പത്തടി ഉയരമുള്ള ചിത്രമാണ് ഇവിടെ വരച്ചിട്ടുള്ളത്.

ബെൽജിയം, ഫ്രാൻസ്, ജർമനി ആരാധകരും തങ്ങളാലാവുംവിധം ആവേശം കാട്ടുന്നുണ്ടിവിടെ. കൂറ്റൻ ബോർഡുകളും പതാകകളും തോരണങ്ങളും പോരാതെ റോഡരികിലെ തൂണുകളിലും കലുങ്കുകളിലുമെല്ലാം നീലയും വെള്ളയും മഞ്ഞയും പച്ചയും നിറങ്ങൾ... ഊരത്തൂരിലെത്തും മുമ്പേ വഴിയോരങ്ങളിൽ മെസ്സി, നെയ്മർ, റൊണാൾഡോ കട്ടൗട്ടുകളും ആരാധകർ സ്ഥാപിച്ചിട്ടുണ്ട്.

പരസ്പരം മത്സരച്ചൂടേറെയുണ്ടെങ്കിലും ഒന്നിച്ചിരുന്ന് കളി കാണുന്നതിനായി വലിയ സ്ക്രീനൊരുക്കാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചുഗ്രാമത്തിലെ ആരാധകർ.

Tags:    
News Summary - This is Dasan's tea shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.