ആഗോള വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും കടൽ മാർഗങ്ങളിലൂടെയും, മലിനീകരണത്തിനും കാലാവസ്ഥാ സമ്മർദത്തിനും കാരണമാകുന്ന വാണിജ്യ ഹൈവേകളിലൂടെയുമാണ് നടക്കുന്നത്. നിലവിലെ പ്രവണതകൾ തുടർന്നാൽ 2050 ആകുമ്പോഴേക്കും സമുദ്രങ്ങളിൽ മനുഷ്യന്റെ സ്വാധീനം ഇരട്ടിയാകുമെന്ന് സയൻസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. സമുദ്രതാപനം, മത്സ്യബന്ധന ജൈവവസ്തുക്കളുടെ നഷ്ടം, സമുദ്രനിരപ്പ് ഉയരൽ, അമ്ലീകരണം, പോഷക മലിനീകരണം എന്നിവയുൾപ്പെടെയുള്ള വർധിച്ചുവരുന്ന സമ്മർദങ്ങൾ സമുദ്ര ആവാസവ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിലെ കടലിലെ മാറ്റങ്ങൾ നിരീക്ഷിച്ചാണ് പഠനം നടത്തിയതെന്ന് ഗവേഷകനായ ബെൻ ഹാൽപേൺ പറയുന്നു.
സമുദ്രം വളരെ വലുതായതിനാൽ മനുഷ്യന് ആഘാതങ്ങൾ ഏൽപ്പിക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ തെളിവുകൾ മറിച്ചാണ് കാണിക്കുന്നത്. വർധിച്ചുവരുന്ന ആഗോള താപനില സമുദ്രങ്ങളെ വേഗത്തിൽ ചൂടാക്കുന്നു. അതേസമയം അനിയന്ത്രിതമായ മത്സ്യബന്ധനവും സമുദ്ര വ്യാപാരവും ഈ സമ്മർദം കൂടുതൽ രൂക്ഷമാക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളും ധ്രുവപ്രദേശങ്ങളും ആവാസവ്യവസ്ഥക്ക് വീണ്ടെടുക്കാൻ കഴിയാത്ത പരിധിക്കപ്പുറം എത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയാണ് സമുദ്ര മലിനീകരണത്തിന്‍റെ പ്രധാന കാരണം. ഈ മാലിന്യങ്ങൾ സമുദ്രജീവികൾക്ക് വലിയ ഭീഷണിയാണ്. ഫാക്ടറികളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന രാസവസ്തുക്കളും വിഷാംശമുള്ള ദ്രാവകങ്ങളും ശുദ്ധീകരിക്കാതെ നേരിട്ട് പുഴകളിലേക്കും കടലുകളിലേക്കും ഒഴുക്കി വിടുന്നത് സമുദ്രജലം മലിനമാക്കുന്നു. കപ്പലപകടങ്ങൾ മൂലമുണ്ടാകുന്ന എണ്ണ ചോർച്ച സമുദ്രോപരിതലത്തിൽ ഒരു പാളി പോലെ വ്യാപിക്കുകയും അതുവഴി സൂര്യപ്രകാശം സമുദ്രത്തിനുള്ളിലേക്ക് എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.
കീടനാശിനികൾ, രാസവളങ്ങൾ എന്നിവ മഴവെള്ളത്തിലൂടെയും പുഴകളിലൂടെയും കടലിലെത്തുന്നത് സമുദ്ര മലിനീകരണത്തിന് കാരണമാകുന്നു. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ, പ്രത്യേകിച്ച് മലിനജലം, കടലിലേക്ക് ഒഴുകിയെത്തുന്നത് മലിനീകരണത്തിന് മറ്റൊരു കാരണമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങൾ സമുദ്രജലത്തിൽ ലയിക്കുകയും സമുദ്രത്തിലെ ജലത്തിന്‍റെ അമ്ലത വർധിപ്പിക്കുകയും ചെയ്യും. ഇതും കടൽ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
പവിഴപ്പുറ്റുകളുടെ കുറവ്, ശുദ്ധജലത്തിന്റെയും കടൽജലത്തിന്റെയും സന്തുലിതാവസ്ഥയിലെ തടസ്സം, പ്രജനന കേന്ദ്രങ്ങളുടെ നഷ്ടം, അപ്രത്യക്ഷമാകുന്ന കണ്ടൽക്കാടുകൾ എന്നിവയെല്ലാം സമുദ്ര ജൈവവൈവിധ്യത്തിനും പ്രാദേശിക ഉപജീവനമാർഗ്ഗത്തിനും ഭീഷണിയാകുന്നുണ്ട്. ഭക്ഷണത്തിനും തൊഴിലിനുമായി സമുദ്രത്തെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഇത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സമുദ്ര സംരക്ഷണത്തിനായി ആഗോള താപനില നിയന്ത്രിക്കുക, സമുദ്ര ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള നയങ്ങൾ സ്വീകരിക്കുക, മത്സ്യബന്ധന നിയന്ത്രണം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.