ക​ടു​ത്ത ചൂ​ടി​ൽ പ​ച്ച​പ്പ്​ ന​ഷ്ട​പ്പെ​ട്ട്​ വ​ര​ണ്ടു​ണ​ങ്ങി​യ മ​ല​നി​ര

ചൂട് കടുത്തു; ഇടുക്കിക്ക് പൊള്ളുന്നു

തൊടുപുഴ: വേനലെത്തും മുമ്പേ ചുട്ടുപഴുക്കുകയാണ് ഇടുക്കി. പകൽ സമയത്ത് ജില്ലയിൽ കഠിന ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ മാർച്ച് പകുതിയോടെയാണ് വേനൽ ആരംഭിക്കുന്നതെങ്കിലും ഇത്തവണ ജനുവരി അവസാനം തന്നെ ചൂട് കൂടി. സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ്‌ വരെ കൂടുതൽ താപനിലയാണ് അനുഭവപ്പെടുന്നത്.

ചൂട് കൂടുംതോറും യു.വി സൂചികയും വർധിക്കുകയാണ്. യു.വി ഇൻഡക്സ് ഏഴാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കുമെന്നും സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

പകൽ ജാഗ്രത വേണം

പകൽ പത്ത് മുതൽ മൂന്ന് വരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.

കുടിവെള്ളത്തിനും ഓട്ടം തുടങ്ങി

കടുത്ത ചൂടിൽ ഉറവകൾ അതിവേഗം വറ്റിയതോടെ ഹൈറേഞ്ചിലും ലോറേഞ്ചിലെ ഉയർന്ന ഭാഗങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. അടുത്ത കാലത്ത് ഹൈറേഞ്ചിലെ അടക്കം ഭൂഗർഭ ജലനിരപ്പ് താഴുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ കുഴൽക്കിണറുകളിലടക്കം വെള്ളം കിട്ടുന്നില്ല.

മലമുകളിലെ ഉറവകളെല്ലാം നിർജീവമായി. പലയിടങ്ങളിലും ജലം വിലകൊടുത്ത് വാങ്ങുകയാണ്. പെരിയാർ, മുതിരപ്പുഴ അടക്കമുള്ള നദികളും വറ്റുകയാണ്. ഇത് ജലവിതരണ പദ്ധതികളെയും സാരമായി ബാധിച്ചേക്കാം. സുരക്ഷിതമായ ജലം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

കാലിവളര്‍ത്തല്‍ പ്രതിസന്ധിയില്‍; പാലുൽപാദനം കഴിഞ്ഞ മാസത്തേക്കാൾ 20 ശതമാനം കുറഞ്ഞു

വേനല്‍ കടുക്കുന്നതോടെ കാലിവളര്‍ത്തല്‍ പ്രതിസന്ധിയിലേക്ക്. കാലികളില്‍ രോഗം പടരുന്നതും തീറ്റപ്പുല്‍ ക്ഷാമവും വെള്ളക്ഷാമവുമാണ് കാരണം. സംസ്ഥാനത്ത് പാല്‍ ഉൽപാദനത്തില്‍ മൂന്നാംസ്ഥാനമാണ് ഇടുക്കിക്ക്. കഴിഞ്ഞ മാസത്തേക്കാൾ 20 ശതമാനം പാലുൽപാദനം കുറഞ്ഞതായി ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന നിരക്കാണ്. സാധാരണ മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലാണ് പാലുൽപാദനം കുറയുന്നത്. എന്നാല്‍ കാലികളില്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികള്‍ പടരുന്നതാണ് നിലവിലെ പ്രതിസന്ധി. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ ചില പഞ്ചായത്തുകളിലാണ് കൂടുതലായി ഉൽപാദനം കുറഞ്ഞത്. പച്ചപ്പുല്ലിന് ക്ഷാമമേറിയതോടെ അയല്‍സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന വൈക്കോലാണ് പശുക്കള്‍ക്ക് നല്‍കുന്നത്. 30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില.

ഉയര്‍ന്ന വില നൽകിയാൽ പോലും വൈക്കോല്‍ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. തമിഴ്‌നാട്ടില്‍നിന്നടക്കം വൈക്കോല്‍ എത്തുന്നില്ല. കാലിത്തീറ്റ വില ഉയര്‍ന്നതും തിരിച്ചടിയായി. 50 കിലോ കാലിത്തീറ്റക്ക് 1300 മുതല്‍ 1500 രൂപവരെയാണ് വില. വൈക്കോലിനും കാലിത്തീറ്റക്കും വില ഉയര്‍ന്നതിന് അനുസൃതമായി പാല്‍വില വര്‍ധിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ക്ഷീരസംഘങ്ങള്‍ പാലിന് 38 രൂപ വരെ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും കൊഴുപ്പനുസരിച്ച് തുകയില്‍ ഏറ്റക്കുറച്ചിലുണ്ട്. 35 രൂപക്കടുത്താണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നത്.

വേനല്‍ കനക്കുന്നതോടെ പാലുൽപാദനം കുറഞ്ഞ് വരുമാനം കുറയുന്ന ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റ, വൈക്കോല്‍ തുടങ്ങിയവയും കുറക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇതോടെ പാലുൽപാദനത്തില്‍ വീണ്ടും കുറവുണ്ടാകുന്നു.

Tags:    
News Summary - intense heat; Idukki is burning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.