ആഗോള താപനം 2 ഡിഗ്രി സെൽഷ്യസിൽ എത്തിയാൽ, 2050 ആകുമ്പോഴേക്കും അതികഠിനമായ ചൂടിൽ ജീവിക്കേണ്ടിവരുന്നവരുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാവുമെന്ന് പുതിയ പഠനം. ലോകമെമ്പാടുമുള്ള എയർ കണ്ടീഷണറുകളുടെ എണ്ണവും ചൂടേറ്റുന്ന മറ്റു ഘടകങ്ങളും ഭൂമിയെ എങ്ങനെ മാറ്റുമെന്ന് കാണിക്കുന്നതാണ് പഠനം. ഒരു പ്രദേശവും ആഘാതത്തിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ഗവേഷകർ പറയുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളും ദക്ഷിണാർധഗോളവും വർധിച്ചുവരുന്ന ചൂടിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടും.
പുതിയ ഡാറ്റാസെറ്റ് സൂചിപ്പിക്കുന്നത്, 2ഡിഗ്രി സെൽഷ്യസ് പരിധി ലംഘിച്ചാൽ അതിശക്തമായ ചൂട് അനുഭവിക്കുന്ന ആളുകളുടെ എണ്ണം 154കോടിയിൽ നിന്ന് 379 കോടി ആയി വർധിക്കുമെന്നാണ്.
ആഗോള താപനം വ്യാവസായിക പൂർവ നിലവാരമായ 1 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഈ ദശകത്തിൽ 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമ്പോൾ, വ്യത്യസ്ത പ്രദേശങ്ങൾ എത്രത്തോളം, എങ്ങനെയെല്ലാം ഈ അവസ്ഥകളെ നേരിടും എന്നതിനെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണ് ‘നേച്ചർ സസ്റ്റൈനബിലിറ്റി’യിൽ പ്രസിദ്ധീകരിച്ചത്. എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഉപയോഗത്തിൽനിന്നുള്ള കാർബൺ ബഹിർഗമന തോത് സർക്കാറുകൾ എത്രയും വേഗത്തിൽ വെട്ടിക്കുറച്ചില്ലെങ്കിൽ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.
ഈ അവസ്ഥ താപനില മാനേജ്മെന്റിനുള്ള ഊർജ ആവശ്യകതയുടെ രീതിയെ മാറ്റിമറിക്കും. വരും ദശകങ്ങളിൽ, വടക്കൻ അർധഗോളത്തിന്റെ ചൂടാക്കലിനുള്ള ഊർജ ബിൽ കുറയും. അതേസമയം, ദക്ഷിണാർധഗോളത്തിന്റെ അന്തരീക്ഷം തണുപ്പിക്കാനുള്ള ചെലവു വർധിക്കുകയും ചെയ്യും. നൂറ്റാണ്ടിന്റെ അവസാനത്തോടെ എയർ കണ്ടീഷനിങ്ങിനുവേണ്ട ആഗോള ഊർജ ഉപഭോഗം, ചൂടാക്കലിന്റെ തോത് അധികരിപ്പിക്കുമെന്നും പ്രത്യേക പഠനങ്ങൾ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ പഠനത്തിനായി, ഓരോ വർഷവും എത്ര ദിവസം താപനില 18ഡിഗ്രി സെൽഷ്യസ് എന്ന മിതശീതോഷ്ണ അടിസ്ഥാന മൂല്യത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നതിനെ മാനദണ്ഡമാക്കി തീവ്രതകളെ നിർവചിച്ചു. തുടർന്ന് കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ എവിടെ സംഭവിക്കുമെന്നും എത്ര പേരെ ബാധിക്കുമെന്നും ഗവേഷകർ മാപ്പ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.